കാസർഗോഡ്: ജില്ലയിൽ ലഹരിമാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കാസർഗോഡ് ജില്ലാ പോലീസ്. 2025, 2026 വർഷങ്ങളിലായി എൻ.ഡി.പി.എസ്, പിറ്റ് എൻ.ഡി.പി.എസ് നിയമങ്ങൾ പ്രകാരം ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പിലാക്കിയത്. വൻതോതിലുള്ള മയക്കുമരുന്ന് കടത്ത് തടയാൻ നടത്തിയ പ്രത്യേക പരിശോധനകളിൽ വാണിജ്യ അളവിലുള്ള 45 കേസുകൾ കണ്ടെത്തി.
2025-ൽ ജില്ലയിൽ 1224 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തതോടെ 1363 പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിൽ 22 കേസുകൾ വാണിജ്യ അളവിലുള്ളതും, 50 കേസുകൾ ഇടത്തരം അളവിലുള്ളതും, 116 കേസുകൾ ചെറിയ അളവിലുള്ളതുമാണ്. ബാക്കിയുള്ളവ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളായിരുന്നു.
സ്ഥിരം കുറ്റവാളികൾക്കെതിരെ പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരം കർശന നടപടികളും സ്വീകരിച്ചു. 28 പ്രൊപ്പോസലുകൾ സർക്കാരിന് സമർപ്പിച്ചതിൽ 13 കേസുകളിൽ തടങ്കൽ ഉത്തരവ് ലഭിച്ച് നടപ്പിലാക്കി.
2026-ൽ ഇതുവരെ ജില്ലയിൽ 193 എൻ.ഡി.പി.എസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 241 പേരെ അറസ്റ്റ് ചെയ്തതിൽ 8 കേസുകൾ വാണിജ്യ അളവിലുള്ളതും, 15 എണ്ണം ഇടത്തരം അളവിലുള്ളതും, 19 എണ്ണം ചെറിയ അളവിലുള്ളതുമാണ്. ശേഷിക്കുന്നവ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളാണ്. ഈ വർഷം 10 പ്രൊപ്പോസലുകൾ സർക്കാരിന് സമർപ്പിച്ചതിൽ 5 കേസുകളിൽ തടങ്കൽ ഉത്തരവ് നടപ്പിലാക്കി.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ഊർജിത പരിശോധനകളും പ്രതിരോധ നടപടികളും കൃത്യമായ ഇടപെടലുകളുമാണ് ഇത്രയും കേസുകൾ കണ്ടെത്താനും പ്രതികളെ പിടികൂടാനും കാരണമായതെന്ന് പോലീസ് അറിയിച്ചു. ലഹരിവസ്തുക്കളുടെ വാണിജ്യ അടിസ്ഥാനത്തിലുള്ള വിൽപ്പന തടയാൻ നടത്തിയ പ്രത്യേക നീക്കങ്ങളിലൂടെയാണ് വൻകിട കേസുകൾ കണ്ടെത്താനായതെന്നും അധികൃതർ വ്യക്തമാക്കി.
രണ്ട് വർഷത്തിനിടെ പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരം ആകെ 38 പ്രൊപ്പോസലുകൾ സർക്കാരിന് സമർപ്പിച്ചതിൽ 18 കേസുകളിൽ ഉത്തരവ് ലഭിച്ച് പ്രതികളെ കരുതൽ തടങ്കലിലാക്കിയതായും പോലീസ് അറിയിച്ചു. സമൂഹത്തെ ലഹരിവിപത്തിൽ നിന്ന് സംരക്ഷിക്കാനും ലഹരി മാഫിയയെ നിയന്ത്രിക്കാനുമുള്ള നടപടികൾ ശക്തമായി തുടരുമെന്നും ജില്ലാ പോലീസ് വ്യക്തമാക്കി.












Leave a Reply