മലയോര മേഖലയ്ക്ക് ആശ്വാസമായി പുതിയ കെ.എസ്.ആർ.ടി.സി സർവീസ്; കാഞ്ഞങ്ങാട് – ബന്തടുക്ക റൂട്ടിൽ നാളെ തുടക്കമാകും

കാഞ്ഞങ്ങാട്: ജനപ്രതിനിധികളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും മലയോര കുടിയേറ്റ മേഖലയായ ബന്തടുക്കയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. വൈകുന്നേരം പരശുറാം എക്സ്പ്രസ് ട്രെയിനിൽ എത്തുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി 28 ശനിയാഴ്ച വൈകുന്നേരം 7.15-ന് കാഞ്ഞങ്ങാട് നിന്നുമാണ് ബസ് പുറപ്പെടുക. ചുള്ളിക്കര, മാലക്കല്ല്, കോളിച്ചാൽ, ചൂരിത്തോട് വഴി ബന്തടുക്കയിൽ സർവീസ് അവസാനിക്കും. പിറ്റേദിവസം പുലർച്ചെ 4.30-ന് ബന്തടുക്കയിൽ നിന്നും പുറപ്പെട്ട് കുറ്റിക്കോൽ, കൊട്ടോടി, ചുള്ളിക്കര വഴി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തും. ഇത് രാവിലെ പരശുറാം എക്സ്പ്രസിന് കണക്ഷൻ ലഭിക്കാൻ യാത്രക്കാരെ സഹായിക്കും.

സർവീസ് ആരംഭിക്കുന്ന ശനിയാഴ്ച വൈകുന്നേരം ചൂരിത്തോട് ജംഗ്ഷനിൽ എത്തുന്ന ബസിന് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ ജോസ് പാറത്തട്ടേൽ, പനത്തടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ എൻ. വിൻസെന്റ് എന്നിവർ അറിയിച്ചു. മലയോര മേഖലയിലെ മുഴുവൻ യാത്രക്കാരും ഈ പുതിയ സർവീസ് പ്രയോജനപ്പെടുത്തണമെന്നും സ്വീകരണ പരിപാടിയിൽ സംബന്ധിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *