അത്യാധുനിക സംവിധാനങ്ങളോടെയുള്ള ചട്ടഞ്ചാലിലെ ടാറ്റ ട്രസ്റ്റ് കോവിഡ് ആശുപത്രി സമുച്ചയം പ്രവൃത്തി പുരോഗമിക്കുന്നു

 

ചട്ടഞ്ചാൽ

അത്യാധുനിക സംവിധാനങ്ങളോടെയുള്ള ചട്ടഞ്ചാലിലെ ടാറ്റ ട്രസ്റ്റ് കോവിഡ് ആശുപത്രി സമുച്ചയം പ്രവൃത്തി ധ്രുതഗതിയിൽ. ഒക്ടോബർ ആദ്യമാണ്‌ ആശുപത്രി നിർമാണത്തിന്‌ മന്ത്രി വീണാ ജോർജ് കല്ലിട്ടത്‌. വലിയ ദുരന്തങ്ങളും പകർച്ചവ്യാധികളും നേരിടുന്നതിന് ഉൾപ്പെടെയുള്ള സംവിധാനം ആശുപത്രിയിലുണ്ടാകും. ഹൈഡിപ്പന്റൻസി യൂണിറ്റ് (ഐസിയുവിനും വാർഡിനും ഇടയിലുള്ള ഒരു സുരക്ഷാ വലയം) സൗകര്യമുള്ള കേരളത്തിലെ ആദ്യത്തെ ക്രിട്ടിക്കൽ കെയർ യൂണിറ്റാകുമിതെന്ന്‌ മന്ത്രി വ്യക്തമാക്കിയിരുന്നു. ടാറ്റാ ട്രസ്റ്റിന്റെ സഹായത്തോടെ നിർമിച്ച ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആക്കി മാറ്റാനുള്ള പ്രവർത്തനം പ്രതിസന്ധി മറികടന്നാണ് ലക്ഷ്യത്തിലെത്തുന്നത്. സി എച്ച് കുഞ്ഞമ്പുഎംഎൽഎയുടെ നേതൃത്വത്തിൽ വലിയ പരിശ്രമം ഇതിനുപിന്നിലുണ്ട്. മൂന്ന് നിലകളിലായി 45,000 ചതുരശ്ര അടിയുള്ള കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്. 50 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണച്ചുമതല എച്ച്എൽഎല്ലിനാണ്. ഐസോലേഷൻ വാർഡ്, ഐസിയു, ഓപ്പറേഷൻ തിയറ്ററുകൾ, ലേബർ റൂം, ഡയാലിസിസ് യൂണിറ്റ്, ന്യൂബോൺ യൂണിറ്റ്, വെന്റിലേറ്റർ, സ്കാനിങ്, ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ തുടങ്ങിയവ സജ്ജമാക്കും. ജില്ലാ പഞ്ചായത്തിന് കൈമാറിയ ആശുപത്രിയിൽ 23.50 കോരൂപ ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യമൊരുക്കുക. ഐപി, ഒപി സമുച്ചയം നിർമാണത്തിനായി ദേശീയ ആരോഗ്യ ദൗത്യം 4.05 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആശുപത്രി ജില്ലയുടെ ആരോഗ്യ പരിപാലന രംഗത്ത് വൻ പ്രതീക്ഷയാവും. ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായാണ് ഇത്‌ പ്രവര്‍ത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *