കാസർഗോഡ്: ദേശീയപാത നിര്മാണം നടക്കുന്ന പ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളക്കെട്ടും മണ്ണിടിച്ചിലും അടക്കമുള്ള പ്രശ്നങ്ങളുണ്ടാകുന്നത് തടയാൻ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം.
ഇതിന്റെ ഭാഗമായി ദേശീയപാത കടന്നുപോകുന്ന നഗരസഭകളിലെയും പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അതത് തദ്ദേശസ്ഥാപനങ്ങളില്‍ വിളിച്ചുചേർക്കാൻ കളക്ടര് കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില് കളക്ടറേറ്റില് നടന്ന യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്ക്കാണ് ഇതിന്റെ ഏകോപന ചുമതല.
കാലവര്ഷത്തില് വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള പ്രദേശങ്ങളുടെ പട്ടിക തയാറാക്കി ദേശീയപാത നിര്മാണത്തിലെ തത്സ്ഥിതി വിവരങ്ങള് ഈ മാസം 20 നകം കളക്ടര്ക്ക് സമര്പ്പിക്കണം. കളക്ടര് ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള് സ്വീകരിക്കും.
ഓവുചാലുകളുമായി ബന്ധപ്പെട്ട പണികള് മഴക്കാലത്തിനു മുമ്പേ പൂര്ത്തീകരിക്കണമെന്ന് കളക്ടര് നിർദേശിച്ചു. മഴക്കാലത്ത് ദേശീയപാതയോട് ചേര്ന്ന് വെള്ളക്കെട്ട് ഉണ്ടാകുന്ന ഇടങ്ങളില് ഓവുചാലുകളുടെ നിര്മാണ പ്രവര്ത്തനങ്ങളും അറ്റകുറ്റപ്പണികളും വേഗത്തില്‍ പൂര്ത്തീകരിക്കണം. പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ഓവുചാലുകളില് അതത് പഞ്ചായത്തിനു തന്നെ പ്രവൃത്തികള് പൂര്ത്തീകരിക്കാം. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പ് എന്ജിനിയര്മാർ സ്കെച്ചുകളും എസ്റ്റിമേറ്റുകളും തയാറാക്കണം. പ്രവര്ത്തനങ്ങളില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തവും ഉറപ്പാക്കണം. യോഗത്തില് ഡെപ്യൂട്ടി കളക്ടര് കെ.ആര്. മനോജ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്. ഷൈനി എന്നിവരും പങ്കെടുത്തു.
ജില്ലാ വികസന സമിതി യോഗത്തിലെ തീരുമാനപ്രകാരം ദേശീയപാത നിര്മാണ മേഖലയിലെ പരാതികള് അറിയിക്കുന്നതിന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടിവ് എന്ജിനിയര് കണ്വീനറായി ടെക്നിക്കല് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
പൊതുജനങ്ങളും ജനപ്രതിനിധികളും ഉന്നയിക്കുന്ന വിഷയങ്ങള് അതത് സമയങ്ങളില്‍ പരിശോധിച്ച് പരിഹാരമാര്ഗങ്ങള് നിര്ദേശിക്കുക, വെള്ളക്കെട്ട്, മണ്ണിടിച്ചില് തുടങ്ങിയ വിഷയങ്ങളില് അടിയന്തര നടപടികള് സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ ചുമതല. പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള പരാതികളും നിര്ദേശങ്ങളും nhcom plaintsksd@gmail.com എന്ന മെയിലില് അയക്കാം.












Leave a Reply