രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ നെറ്റ്വർക്ക് ഉച്ചയോടെ വ്യാപകമായി പ്രവർത്തനരഹിതമായി. കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിലെ ഉപയോക്താക്കൾക്ക് മൊബൈൽ നെറ്റ്വർക്ക്, ഇന്റർനെറ്റ് കണക്റ്റിവിറ്റി, ജിയോഫൈബർ സേവനങ്ങൾ എന്നിവ ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ ആരംഭിച്ച തടസ്സങ്ങൾ ആയിരക്കണക്കിന് ഉപഭോക്താക്കളെ ദുരിതത്തിലാക്കി.
ഡൗൺഡിറ്റെക്ടറിലെ വിവരങ്ങൾ അനുസരിച്ച്, ഉച്ചയ്ക്ക് 1:30 ഓടെ ഏകദേശം 200 ഉപയോക്താക്കൾക്ക് നെറ്റ്വർക്ക് ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തപ്പോൾ, 2:17 ഓടെ ഈ എണ്ണം 12,000 കടന്നു. ഇന്റർനെറ്റ് തടസ്സമാണ് പ്രധാന പരാതിയെങ്കിലും, മൊബൈൽ ഡാറ്റയിൽ 56 ശതമാനം ഉപയോക്താക്കൾക്കും മൊബൈൽ നെറ്റ്വർക്ക് ലഭ്യതയിൽ 29 ശതമാനം പേർക്കും ജിയോ ഫൈബറിൽ 15 ശതമാനം പേർക്കും പ്രശ്നങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട്.പ്രശ്നം രാജ്യവ്യാപകമാണോ അതോ ചില മേഖലകളിൽ മാത്രമാണോ എന്നത് ഇനിയും വ്യക്തമല്ല. മുൻപും ജിയോക്ക് ചെറിയ തടസ്സങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും, ഇത്തവണത്തെ പരാതികളുടെ എണ്ണത്തിലുള്ള വർദ്ധനവ് കൂടുതൽ ഗുരുതരമായ സാങ്കേതിക തകരാറിനെയാണ് സൂചിപ്പിക്കുന്നത്. ഈ തടസ്സങ്ങൾക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല; ഇത് ഒരു ബാക്കെൻഡ് സിസ്റ്റം തകരാറാവാനാണ് സാധ്യത. ജിയോയിൽ നിന്നുള്ള ഔദ്യോഗിക വിശദീകരണത്തിനായി ഉപയോക്താക്കൾ കാത്തിരിക്കുകയാണ്.












Leave a Reply