
പാണത്തൂർ – ചിക്കൻപോക്സ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചിരുന്ന പാണത്തൂരിലെ ഗൗതമിന്റെ മകൾ ശിവാനി വർമ്മ (10) മരണത്തിന് കീഴടങ്ങി. കരളിനെ ബാധിക്കുന്ന ന്യൂറോ ബ്ലാസ്റ്റോമ എന്ന രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ചിക്കൻപോക്സ് ബാധിച്ച കുട്ടിയെ ഇന്നലെ രാവിലെ 8 മണിക്കാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതിനാൽ 11 മണിയോടുകൂടി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിയാരത്തുനിന്ന് ആവശ്യമായ ചികിത്സ ലഭിച്ചില്ല എന്ന് കുടുംബം ആരോപിക്കുന്നു. കുട്ടിയെ എട്ടാം നിലയിലെ ഒറ്റപ്പെട്ട മുറിയിൽ അഡ്മിറ്റ് ചെയ്തെന്നും പതിനൊന്ന് മണിക്ക് അഡ്മിറ്റ് ചെയ്ത കുട്ടിയെ കാണാൻ നാല് മണിക്കാണ് ഡോക്ടർ എത്തിയതെന്നും എന്നാൽ ഡോക്ടർ കുട്ടിയെ പരിശോധിക്കാൻ കൂട്ടാക്കിയില്ലന്നും, മരുന്ന് കുറിച്ച് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും കുട്ടിയുടെ പിതാവ് ഗൗതം വർമ്മ പറയുന്നു. കുട്ടിയുടെ ദേഹത്ത് പുരട്ടുന്നതിന് മരുന്നും, ഒരു ടാബ്ലറ്റും മാത്രമേ കുട്ടിക്ക് നൽകിയുള്ളൂ എന്നും കുട്ടിക്ക് സീരിയസാണെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ കുഴപ്പമില്ല, പെട്ടെന്ന് വരാം എന്ന് പറഞ്ഞ് പോയ ഡോക്ടർ പിന്നീട് തിരിച്ച് വന്നത് രാത്രി 8.30 ആണെന്നും ഗൗതം പറഞ്ഞു. കുട്ടിക്ക് അസുഖം കൂടുതലാണെന്ന് കുട്ടിയുടെ പിതാവ് ഗൗതം നിരന്തരം വാർഡിൽ ഉണ്ടായിരുന്ന നഴ്സിനോട് പറഞ്ഞെല്ലെങ്കിലും ഡോക്ടർ ഇപ്പോൾ വരും എന്ന് പറഞ്ഞതല്ലാതെ മറ്റു നടപടി ഒന്നും സ്വീകരിച്ചില്ല എന്ന് ഗൗതം പറയുന്നു. ഇതിനിടെ രാത്രി 12 മണിയോടുകൂടിയാണ് ഗിവാനി വർമ്മ മരണത്തിന് കീഴടങ്ങിയത്. നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ കുട്ടി മരണപ്പെടുകയില്ലായിരുന്നുവെന്ന് ബന്ധുകൾ പറയുന്നു. കുട്ടിയുടെ കരളിനെ ബാധിച്ച അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിക്ക് ചിക്കൻപോക്സ് ബാധിച്ചത്. ഗുരുതര ചികിത്സ പിഴവ് ആരോപിച്ച് കുടുംബം അധികാരികൾക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ്. പത്തുമണിയോടുകൂടി പാണത്തൂർ മയിലാട്ടിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സൗകര്യം ഇല്ലാത്തതിനാൽ മാവുങ്കാലിൽ സംസ്കരിക്കാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്.












Leave a Reply