കുമ്പള: ബംബ്രാണ ഗവൺമെന്റ് ബേസിക് എൽ.പി. സ്കൂൾ വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. സ്കൂൾ പരിസരത്ത് പരിചിതമല്ലാത്ത ഒരു ചെടി വളർന്നുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം എക്സൈസ് അധികൃതരെ അറിയിക്കുകയായിരുന്നു.
തുടർന്ന് കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാറിന്റെയും കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ശ്രാവണിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ കണ്ടെത്തിയത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെടി കസ്റ്റഡിയിലെടുത്തു.
ഏകദേശം 50 സെന്റീമീറ്റർ ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്. ഇത് സ്കൂൾ വളപ്പിൽ എങ്ങനെ വളർന്നുവെന്നതിനെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ കഞ്ചാവ് ചെടികൾ വളർന്നുനിൽക്കുന്ന സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.












Leave a Reply