പാണത്തൂർ: മലയോര മേഖലയിലെ സിനിമാറ്റിക് ഡാൻസ് പ്രേമികൾക്കായി പാണത്തൂരിൽ ജാൻ ഡാൻസ് ഗാലറി പ്രവർത്തനം ആരംഭിച്ചു. പാണത്തൂർ ശാലോം ബിൽഡിങ്ങിൽ ആരംഭിച്ച ഡാൻസ് ഗാലറിയുടെ ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് നിർവഹിച്ചു.
കൊറിയോഗ്രാഫറും മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോ ചാനലുകളിലൂടെ ഡാൻസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കിരൺ കൃഷ്ണന്റെ നേതൃത്വത്തിലാണ് ഡാൻസ് ഗാലറി പ്രവർത്തിക്കുന്നത്. വെസ്റ്റേൺ ഡാൻസ് ശൈലിയിൽ ഹിപ് ഹോപ്പ്, ബോളിവുഡ്, കണ്ടംപററി, ഫ്രീസ്റ്റൈൽ തുടങ്ങിയ നൃത്തവിഭാഗങ്ങളിൽ പരിശീലനം നൽകും.
പാണത്തൂരിന്റെ അഭിമാനമായ സിനിമാ സംവിധായകൻ വിജേഷ് പാണത്തൂർ മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, എട്ടാം വാർഡ് മെമ്പർ എം. ഷിബു, വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് പ്രസിഡന്റ് സുനിൽ കുമാർ, പൊതുപ്രവർത്തകൻ പി. തമ്പാൻ, ശിവഗിരി രാജേഷ് കരിക്കെ, സ്റ്റാൻലി പാണത്തൂർ, രാജേന്ദ്രൻ കരിക്കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ഡാൻസ് ആർട്ടിസ്റ്റായ നാഗരാജിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റിലാണ് കർണാടകയിലെ ഭാഗമണ്ഡലയിൽ ഡാൻസ് ഗാലറിയുടെ ആദ്യ ബാച്ച് ആരംഭിച്ചത്. സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഭാഗമണ്ഡല ബാച്ചിലെ കുട്ടികൾക്ക് മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
വിദ്യ എം. പി. സ്വാഗതവും ഡാൻസ് ഗാലറി ഡയറക്ടർ നാഗരാജ് നന്ദിയും പറഞ്ഞു. തുടർന്ന് സ്റ്റാൻലി പാണത്തൂർ, രാജേന്ദ്രൻ കരിക്കെ എന്നിവരുടെ നേതൃത്വത്തിൽ കരോക്കെ ഗാനമേളയും അരങ്ങേറി.












Leave a Reply