കാസർഗോട് : കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ, നിർബന്ധിത ബയോമെട്രിക് പുതുക്കല്‍, ആധാറുമായി ബന്ധിപ്പിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കല്‍ എന്നിവ രക്ഷിതാക്കള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് അറിയിച്ചു.
വിദ്യാഭ്യാസ പ്രവേശനം, സ്കോളർഷിപ്പ്, വിവിധ സർക്കാർ സേവനങ്ങള്‍, പ്രവേശന പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ തടസ്സമില്ലാതെ പൂർത്തിയാക്കാൻ ആധാർ വിവരങ്ങള്‍ പുതുക്കല്‍ അത്യാവശ്യമാണ്.
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാർ രജിസ്ട്രേഷൻ
നവജാത ശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാർ രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ സമയത്ത് ഇവരുടെ വിരലടയാളം, കണ്ണിന്റെ ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. കുട്ടിയുടെ പേരുള്ള ജനന സർട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ആവശ്യമായ രേഖകള്‍ സമർപ്പിച്ച് അംഗീകൃത ആധാർ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി രജിസ്ട്രേഷൻ നടത്താം.
അഞ്ച്, 15 വയസ്സുകളില്‍ ബയോമെട്രിക് പുതുക്കണം
കുട്ടികള്‍ക്ക് അഞ്ച് വയസ്സും 15 വയസ്സും പൂർത്തിയാകുമ്പോള്‍ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ നടത്തണം. വിരലടയാളം, ഐറിസ് വിവരങ്ങള്‍, ഫോട്ടോ എന്നിവ പുതുക്കുന്നതിലൂടെ കുട്ടികളുടെ ആധാർ വിവരങ്ങള്‍ കൃത്യമായി നിലനിർത്താൻ സാധിക്കും. നിശ്ചിത പ്രായത്തില്‍ ഈ നടപടി പൂർത്തിയാക്കാത്തത് ചില ആധാർ അധിഷ്ഠിത സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് തടസ്സമായേക്കാം.
സ്കൂള്‍, കോളേജ് പ്രവേശനം, സ്കോളർഷിപ്പ് അപേക്ഷകള്‍, ഡിജിലോക്കർ, അപാർ ഐ.ഡി (APAAR ID), നീറ്റ്, ജെ.ഇ.ഇ, കീം തുടങ്ങിയ പ്രവേശന പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ സുഗമമാക്കുന്നതിനും ആധാർ വിവരങ്ങള്‍ പുതുക്കി സൂക്ഷിക്കുന്നത് സഹായകരമാകും.
മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും പുതുക്കുക
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും കൃത്യമാണെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. സർക്കാർ ഓണ്‍ലൈൻ സേവനങ്ങള്‍, ഒ.ടി.പി അടിസ്ഥാനത്തിലുള്ള സ്ഥിരീകരണം, മറ്റ് ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നതിന് നിലവിലുള്ള വിവരങ്ങള്‍ പ്രധാനമാണ്. ആധാർ ആപ്പ് വഴി വിവര പുതുക്കലിനുള്ള സൗകര്യങ്ങളും ഫീസും സംബന്ധിച്ച നിലവിലെ വ്യവസ്ഥകള്‍ പരിശോധിച്ചശേഷം നടപടികള്‍ സ്വീകരിക്കണം.
അക്ഷയ കേന്ദ്രങ്ങളിലും അംഗീകൃത ആധാർ കേന്ദ്രങ്ങളിലും സൗകര്യം
കേരളത്തിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങള്‍ വഴിയും പുതിയ ആധാർ രജിസ്ട്രേഷൻ, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍ നമ്പർ ഉള്‍പ്പെടെയുള്ള വിവരങ്ങളുടെ പുതുക്കല്‍ എന്നിവക്കുള്ള സൗകര്യം ലഭ്യമാണ്. ഇതിനായി എത്തുമ്പോള്‍ ആവശ്യമായ രേഖകള്‍ കരുതണം. സേവനത്തിന്റെ സ്വഭാവമനുസരിച്ച് ഫീസും രേഖകളും വ്യത്യാസപ്പെടാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സിറ്റിസണ്‍ കോള്‍ സെന്റർ (1800-4251-1800/04712335523), കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ആധാർ സെക്ഷൻ (0471-2525442) എന്നിവയുമായി ബന്ധപ്പെടാം. ഇ-മെയില്‍: uidhelpdesk@kerala.gov.in.
കുട്ടികളുടെ ആധാർ രജിസ്ട്രേഷനും നിർബന്ധിത ബയോമെട്രിക് പുതുക്കലും വൈകാതെ പൂർത്തിയാക്കി വിദ്യാഭ്യാസ-സർക്കാർ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കളക്ടർ രക്ഷിതാക്കളോട് അഭ്യർഥിച്ചു.












Leave a Reply