റാണിപുരം മാനിപ്പുറത്തെ റിഫ്രഷ്മെന്റ് സ്റ്റാൾ അടച്ചുപൂട്ടാൻ ഉത്തരവ്.

റാണിപുരം : സഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന റാണിപുരം മാനിപുറത്തെ റിഫ്രഷ്മെൻ്റ് സ്‌റ്റാൻ അടച്ചു പൂട്ടാൻ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വനസംരക്ഷണസമിതി പ്രസിഡണ്ടിന് നൽകി. മാനിപ്പുറത്തെത്തുന്ന സഞ്ചാരികളുടെ നിരന്തര ആവശ്യപ്രകാരം റാണിപുരം സന്ദർശിച്ച ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നിർദ്ദേശപ്രകാരം 2019 ലാണ് റാണിപുരം വന സംരക്ഷണ സമിതിയുടെ കീഴിൽ മാനി മുകളിൽ സ്‌റ്റാൾ തുടങ്ങിയത്. കൂടാതെ മരുതോം വന സംരക്ഷണ സമിതിയുടെ കീഴിലും ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടെ മറ്റൊരു സ്റ്റാളും തുടങ്ങിയിരുന്നു. ഇത് രണ്ടും അടച്ച് പൂട്ടാനാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. ഇവിടെ നിന്നും ലഘുപാനീയങ്ങളും, മറ്റു ചെറു ഭക്ഷണ സാധനങ്ങളും ലഭിക്കുന്നത് കുത്തനെയുള്ള കയറ്റം കയറി ക്ഷീണിച്ചെത്തുന്ന സഞ്ചാരികൾക്ക് വലിയൊരു ആശ്വാസമായിരുന്നു. നിലവിലുള്ള റിഫ്രഷ്മെന്റ് സ്റ്റാളിന്റെ കാലാവധി അഞ്ചുവർഷം പൂർത്തിയായെന്നും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പുതിയ മാനദണ്ഡങ്ങളോടു കൂടി സ്‌റ്റാൾ തുടങ്ങാനാണ് ആലോചിക്കുന്നതെന്നും അതുകൊണ്ടാണ് സ്‌റ്റാളിൻ്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നുമാണ് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ പറയുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കു മുമ്പാണ് റിഫ്രഷ്മെൻ്റ് സ്‌റ്റാൾ പുതുക്കിപ്പണിഞ്ഞതെന്ന് സമിതി അംഗങ്ങൾ പറയുന്നു. പൂജ അവധി ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ മാനിപ്പുറത്തെത്തുന്നതിനാൽ അതുവരെ സ്റ്റാൾ പ്രവർത്തിക്കാനുള്ള അനുമതി വന സംരക്ഷണ സമിതി തേടിയിട്ടുണ്ട്.
വനം വകുപ്പ് ഇത്തരം തീരുമാനങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിക്ഷേധങ്ങൾ ഉയർന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ ചില സംഘടനകൾ ടിക്കറ്റ് കൗണ്ടറിലേക്ക് പ്രതിഷേധ മാർച്ച് നടത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. റാണിപുരത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടിക്കറ്റ് പിരിവ് നടത്തുന്നതിരെ നേരത്തെ ചില യുവജന സംഘടനകൾ ടിക്കറ്റ് കൗണ്ടറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
അതേസമയം റാണിപുരം വന സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന ആക്ഷേപം സമിതി പ്രവർത്തകർക്കിടയിൽ വ്യാപകമായിട്ടുണ്ട്. പുതിയ സമിതി ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പൊതുയോഗം തുടർച്ചയായി രണ്ടു തവണ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് മാറ്റിയിരുന്നു. റിഫ്രഷ്മെൻറ് സ്റ്റാൾ അടച്ചിടാനുള്ള നീക്കവും ഇതിന്റെ ഒരു ഭാഗമാണെന്ന് ചില സമിതി ഭാരവാഹികൾ പറയുന്നു. ഇതിന് ചില വനം വകുപ്പുദ്യോഗസ്‌ഥർ കൂട്ടുനിൽക്കുന്നത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *