കാസർകോട്: ട്രെയിനുകളിൽ യാത്രക്കാരുടെ മൊബൈൽ ഫോണുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ അഞ്ചു മോഷണക്കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. പന്നിപ്പാറ മുട്ടത്തൊടി സ്വദേശിയും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ കെ.കെ. അബ്ദുല്ല (63)ക്കെതിരെയാണ് കാസർകോട് റെയിൽവേ പോലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്.
ഈ മാസം ഏഴിന് നേത്രാവതി എക്സ്പ്രസിൽനിന്ന് രണ്ടു മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലാണ് അബ്ദുല്ല അറസ്റ്റിലായത്. കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ മാസം 28ന് നേത്രാവതി എക്സ്പ്രസിൽനിന്ന് വേങ്ങേരി സ്വദേശി സൂര്യകൃഷ്ണയുടെ 30,000 രൂപയും 10,000 രൂപയും വിലവരുന്ന രണ്ടു മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണം പോയ ഫോണുകൾ ഇയാളിൽനിന്ന് പോലീസ് കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് ഇയാൾ നടത്തിയതായി സംശയിക്കുന്ന കൂടുതൽ മോഷണങ്ങൾ പുറത്തുവന്നത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഇയാളുടെ വാടകവീട്ടിൽനിന്ന് നിരവധി മൊബൈൽ ഫോണുകൾ, പാസ്പോർട്ടുകൾ, ബാഗുകൾ, ആധാർ കാർഡുകൾ എന്നിവ പോലീസ് കണ്ടെത്തി.
കഴിഞ്ഞ രണ്ടു മുതൽ മൂന്നു വർഷത്തിലധികമായി വിവിധ ട്രെയിനുകളിൽ മോഷണം നടത്തിയതായി വിശദമായ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു മോഷണക്കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. കണ്ടെത്തിയ വസ്തുക്കളുടെ ഉടമസ്ഥരെ തിരിച്ചറിയുന്നതിനും മറ്റു മോഷണങ്ങളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിനും അന്വേഷണം തുടരുകയാണ്.
റെയിൽവേ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സി.പി.ഡി.എസ്. സ്ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.










Leave a Reply