കാസർകോട്: ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്തിന് സമീപം കാറിൽ എംഡിഎംഎയുമായി എത്തിയ രണ്ടംഗസംഘത്തെ ഡാൻസാഫ് ടീമും കാസർകോട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.കണ്ണൂർ കാപ്പാട് കടക്കര ടെമ്പിൾ റോഡിലെ കെ.പി. ഷാനിഷ് (35), കർണാടക പെനാജെയിലെ അർളപ്പടവിൽ താമസിക്കുന്ന അർഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
നീലേശ്വരം പോലീസ് നേരത്തെ മയക്കുമരുന്ന് കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനായി എത്തിയതായിരുന്നു സംഘം. പോലീസ് ആസ്ഥാനത്തിന് സമീപം വെച്ചാണ് ഇവരിൽനിന്ന് മയക്കുമരുന്ന് പിടികൂടിയത്.
പോലീസിനെ കണ്ട അർഷാദ് ഒരു ബാഗ് കാറിനുള്ളിലേക്ക് ഇടുകയായിരുന്നു. സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോൾ 0.240 ഗ്രാം എംഡിഎംഎ കണ്ടെത്തി. നീലേശ്വരം മയക്കുമരുന്ന് കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനായി നാർക്കോട്ടിക് സെൽ ഓഫീസിലെത്തിയ ഷാനിഷിനെയും തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ എത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.










Leave a Reply