ദേശീയപാത പൂർത്തിയായിട്ടും ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; മൊഗ്രാൽ പുത്തൂർ അറഫാത്ത് നഗറിൽ യാത്രാദുരിതം

കാസർകോട്: ദേശീയപാത വികസന പ്രവൃത്തികൾ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും മൊഗ്രാൽ പുത്തൂർ അറഫാത്ത് നഗറിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാത്തത് യാത്രക്കാർക്ക് കടുത്ത ദുരിതമാകുന്നു. മുൻപ് ഇവിടെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ദേശീയപാത നിർമ്മാണ വേളയിലാണ് പൊളിച്ചുമാറ്റിയത്. തുടർന്ന് പുതിയ കാത്തിരിപ്പ് കേന്ദ്രം ഉടൻ ഒരുക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

പഞ്ചായത്ത് ഹോമിയോ ആശുപത്രി, മൃഗാശുപത്രി, അങ്കണവാടി തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ ദിവസേന നിരവധിപേർ ആശ്രയിക്കുന്ന പ്രധാന പോയിന്റാണിത്. വിദ്യാർത്ഥികൾ, വയോധികർ, രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയ യാത്രക്കാർ നിലവിൽ കടുത്ത വെയിലും മഴയും സഹിച്ച് വഴിയിലാണ് ബസ് കാത്തുനിൽക്കുന്നത്. ഇത് കടുത്ത യാത്രാക്ലേശത്തിന് വഴിവെച്ചിരിക്കുകയാണ്.

അറഫാത്ത് നഗറിൽ അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പറും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ മാഷിദ മുഹമ്മദ് ദേശീയപാത അധികൃതരെ മുൻപും പലതവണ സമീപിച്ചിരുന്നു. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാസർകോട് എം.എൽ.എ, ജില്ലാ കളക്ടർ, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുള്ളക്കുഞ്ഞി, വാർഡ് മെമ്പർ എന്നിവർ മുഖേന ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *