കാസർകോട്: കാസർകോട് നഗരസഭയുടെ പരിധിയിലുള്ള ചന്ദ്രഗിരി പാലത്തിലെ കൈവരികളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരുമ്പ് വേലി സ്ഥാപിക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ നേതൃത്വത്തിൽ പാലത്തിൽ സംരക്ഷണ വേലി സ്ഥാപിക്കുന്ന നിർമ്മാണ ജോലികൾ ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ പാലത്തിന്റെ ഒരു ഭാഗത്താണ് ഇരുമ്പ് വേലി നിർമ്മിക്കുന്നത്. ഇതിനായി മുൻ നഗരസഭാ ഭരണസമിതി എട്ട് ലക്ഷം രൂപ വകയിരുത്തിയിരുന്നുവെങ്കിലും ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രവൃത്തികൾ നീണ്ടുപോവുകയായിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതോടെയാണ് പദ്ധതി വീണ്ടും സജീവമാക്കിയത്. പാലത്തിന്റെ മറുഭാഗത്തെ പ്രവൃത്തികൾ ആരംഭിക്കാൻ പുതിയ ഭരണസമിതി യോഗം ചേർന്ന് തുക വകയിരുത്തുമെന്നും അതിനുശേഷം ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും നഗരസഭാ വൈസ് ചെയർമാൻ കെ.എം. ഹനീഫ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിരവധി പേരാണ് ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. കൂടാതെ, രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പുഴയിലേക്ക് തള്ളുന്നതും പതിവായിരുന്നു. ആത്മഹത്യകളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും വർധിച്ചതോടെ ശക്തമായ ജനരോഷമാണ് ഉയർന്നത്. പാലത്തിന്റെ കൈവരികളിൽ ഉയർന്ന സംരക്ഷണ വേലി സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും നിരന്തരം പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിച്ചിരുന്നു.
നഗരസഭയുടെ അധീനതയിലുള്ള പ്രദേശത്താണ് നിലവിൽ പാലം സ്ഥിതി ചെയ്യുന്നത്; പാലം അവസാനിക്കുന്നത് ചെമനാട് പഞ്ചായത്ത് അതിർത്തിയിലാണ്. ജനങ്ങളുടെ ജീവനും പുഴയുടെ ശുചിത്വത്തിനും ഭീഷണിയായ വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് നഗരസഭ ഈ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നത്.












Leave a Reply