അജാനൂർ: ഗ്രാമീണ മേഖലയിലെ വൃക്കരോഗികൾക്ക് ആശ്വാസമായി അജാനൂർ ഗ്രാമപഞ്ചായത്തിന്റെ ഡയാലിസിസ് കേന്ദ്രം. അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ വെറും 100 രൂപയ്ക്ക് ഡയാലിസിസ് ചികിത്സ ലഭ്യമാകും. ഗ്രാമപഞ്ചായത്ത് തലത്തിൽ സമഗ്ര സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ച ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടവും അജാനൂരിനുണ്ട്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ടിൽനിന്നുള്ള 1.10 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടും വിനിയോഗിച്ചാണ് കേന്ദ്രം സജ്ജമാക്കിയത്. ഡയാലിസിസിനാവശ്യമായ ഉപകരണങ്ങൾ പൂർണമായും സി.എസ്.ആർ ഫണ്ടിലൂടെയാണ് സമാഹരിച്ചത്.
അജാനൂർ കടപ്പുറത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒരു ഭാഗം നവീകരിച്ചാണ് ഡയാലിസിസ് യൂണിറ്റ് ഒരുക്കിയത്. നിർമാണ പ്രവൃത്തികൾ നിർമിതി കേന്ദ്രമാണ് നിർവഹിച്ചത്. നവീകരണത്തിനായി ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചു.
എട്ട് ഡയാലിസിസ് കിടക്കകളുള്ള കേന്ദ്രത്തിൽ ഏഴെണ്ണം നിലവിൽ പ്രവർത്തനസജ്ജമാണ്. ചെലവേറിയ ഡയാലിസിസ് ചികിത്സ പ്രാദേശികതലത്തിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിലൂടെ നിരവധി വൃക്കരോഗികൾക്ക് കേന്ദ്രം ആശ്വാസമാകുന്നു.











Leave a Reply