മടിക്കൈ: മടിക്കൈ പഞ്ചായത്തിൽ മഹാശിലായുഗത്തിലെ ജനവാസത്തിന്റെ ചരിത്രാവശിഷ്ടങ്ങളെന്ന് കരുതുന്ന ചെങ്കല്ലറയും ശിലാചിത്രങ്ങളും കണ്ടെത്തി. കണ്ണംകുളത്ത് പാറയിൽ ശിലാചിത്രങ്ങളും തീർത്ഥങ്കരയിൽ ചെങ്കൽ ഖനനത്തിനിടെ അരിക് മുറിഞ്ഞ നിലയിലുള്ള ചെങ്കല്ലറയുമാണ് കണ്ടെത്തിയത്. പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശൻ കാളിയാനം നടത്തിയ നിരീക്ഷണത്തിലാണ് ചരിത്രപ്രാധാന്യമുള്ള ഈ ശേഷിപ്പുകൾ ശ്രദ്ധയിൽപ്പെട്ടത്.
കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്രവിഭാഗം മേധാവിയും ചരിത്രഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്ത് സ്ഥലങ്ങൾ സന്ദർശിച്ച് കണ്ടെത്തലുകൾ പരിശോധിച്ചു. തീർത്ഥങ്കരയിൽ കണ്ടെത്തിയ ഗുഹാസമാനമായ നിർമിതി മഹാശിലായുഗത്തിലെ ചെങ്കല്ലറയാണെന്നും കണ്ണംകുളത്ത് പാറയിലെ ശിലാചിത്രം മനുഷ്യനിർമിതമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
കണ്ണംകുളത്ത് പാറയിൽ ഉറപ്പേറിയ ചെങ്കൽപ്പാറയിൽ കൊത്തിവച്ച രണ്ട് കാൽപ്പാടുകളാണ് കണ്ടെത്തിയത്. പത്ത് ഇഞ്ച് നീളവും ആറ് ഇഞ്ച് വീതിയുമുള്ളതാണ് ഓരോ കാൽപ്പാടും. വടക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കണ്ടെത്തിയ ശിലാചിത്രങ്ങളുടെ നിർമാണരീതിയുമായി ഇവയ്ക്ക് സാമ്യമുണ്ട്. ഇരുമ്പായുധങ്ങൾ ഉപയോഗിച്ച് പാറയിൽ കൊത്തിയുണ്ടാക്കിയതാകാമെന്നാണ് കരുതുന്നത്.
അരിയിട്ട പാറ, കക്കാട്ട്, മുന്നാട് മോലോത്തുംകാവ്, ആമക്കുളം, എരിക്കുളം വലിയ പാറ, കാഞ്ഞിരപ്പൊയിൽ, ഏറ്റുകുടുക്ക, അമ്പലത്തറ തുടങ്ങിയ പ്രദേശങ്ങളിൽ കണ്ടെത്തിയ ശിലാചിത്രങ്ങളുമായി കണ്ണംകുളത്ത് പാറയിലെ ചിത്രങ്ങൾക്കും സാമ്യമുണ്ട്.
പ്രകൃതിദത്ത ജലസംഭരണികളായ പള്ളങ്ങളുടെ കരയിലാണ് ഇവ സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് ചിത്രങ്ങൾ വെള്ളത്തിനടിയിലാകുന്നതും മഴത്തുള്ളികൾ നേരിട്ട് പതിക്കാത്തതും നൂറ്റാണ്ടുകളായി ഇവ നിലനിൽക്കാൻ സഹായിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.
തീർത്ഥങ്കരയിൽ ചെങ്കൽ ഖനനത്തിനിടെ കണ്ടെത്തിയ ചെങ്കല്ലറയുടെ അരിക് മുറിഞ്ഞ നിലയിലാണ്. മുകൾഭാഗത്തെ ദ്വാരത്തിലും അകത്തും മേൽമണ്ണ് നിറഞ്ഞിട്ടുണ്ട്. ഖനനത്തിനിടെയുണ്ടായ കണ്ടെത്തൽ പ്രദേശത്തിന്റെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്.
മടിക്കൈയിലെ മഹാശിലായുഗകാലത്തെ ജനജീവിതവും ആചാരങ്ങളും സംസ്കാരവും സംബന്ധിച്ച് കൂടുതൽ പഠനങ്ങൾക്ക് വഴിതുറക്കുന്നതാണ് പുതിയ കണ്ടെത്തലുകൾ. പ്രദേശത്തെ പുരാവസ്തു ശേഷിപ്പുകൾ സംരക്ഷിക്കുകയും വിശദമായ പഠനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഇവ വ്യക്തമാക്കുന്നു.












Leave a Reply