പെരിയ മൂന്നാംകടവിൽ തുടർച്ചയായ രണ്ടാം ദിവസവും അപകടം; ലോറി വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു, ഡ്രൈവർക്ക് ഗുരുതര പരിക്ക്.

പെരിയ: മൂന്നാംകടവിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടം. വളം കയറ്റി കുണ്ടംകുഴി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിൽ കണ്ണൂർ പിണറായി സ്വദേശിയായ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാംകടവ് ഇറക്കത്തിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ലോറി മുഹമ്മദ് എന്നയാളുടെ വീടിന്റെ മുറ്റത്തേക്ക്മറിയുകയായിരുന്നു. ഞായറാഴ്ച ഗൃഹപ്രവേശം നടന്ന വീടാണിത്. അപകടത്തിൽ ലോറി പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. ആദ്യം ചെങ്കള ഇന്ദിരാനഗറിലെ ആശുപത്രിയിൽ എത്തിച്ച ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മൂന്നാംകടവ് ഇറക്കത്തിൽ മുമ്പും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നേരത്തേ പലതവണ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തിയിരുന്നു. പരിഹാരം കാണാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും ഇതുവരെനടപടിയുണ്ടായിട്ടില്ലെന്നാണ്നാട്ടുകാർപറയുന്നത്.ഇതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിന് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

 

Leave a Reply

Your email address will not be published. Required fields are marked *