സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടി; അനങ്ങാതെ ഭക്ഷ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില വർധിച്ചതോടെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഗൾഫ് മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് നിർമാണ മേഖലയിൽ ഉണ്ടായ മുരടിപ്പും തൊഴിലില്ലായ്മയും ജനജീവിതം ദുഷ്കരമാക്കുന്നതിനിടെയാണ് വിലക്കയറ്റം ഇരുട്ടടിയാകുന്നത്.
.ഓണത്തിന് മുമ്പ് കുതിച്ചുയർന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയിലും  കുറവുണ്ടായിട്ടില്ല. അരി മുതൽ പഞ്ചസാര വരെ നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നത് കുടുംബങ്ങളുടെ പോക്കറ്റ് കാലിയാക്കുകയാണ്.

പൊന്നി അരി വില കിലോയ്ക്ക് 67 രൂപയിൽ നിന്ന് 78 രൂപയായി ഉയർന്നു. കുറുവ അരിയുടെ വിലയും കൂടി. വിവിധ ഇനം അരികളുടെ ചില്ലറവില്‍പന വില കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ ആയിട്ടുണ്ട്. പലവ്യഞ്ജനങ്ങളുടെ കാര്യം ഇതിലും രൂക്ഷമാണ്. 280 രൂപയായിരുന്ന വറ്റൽമുളകിന്റെ വില 430 രൂപയായി ഉയർന്നു. പരിപ്പിന് വില 118 രൂപയിൽ നിന്ന് 145 രൂപയായി വർധിച്ചു. കിലോയ്ക്ക് 45 രൂപയായിരുന്ന പഞ്ചസാര വില 65 രൂപ കടന്നു.

നിത്യവും ഉപയോഗിക്കുന്ന സാധനങ്ങൾക്ക് പോലും ഉയർന്ന വില നൽകേണ്ടിവരുന്നത് സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയാണ്. വരുമാനത്തിൽ ആനുപാതികമായ വർധനയില്ലാത്ത സാഹചര്യത്തിൽ ഈ വിലക്കയറ്റം കുടുംബങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. വില ഉയരുന്നതിനൊപ്പം കച്ചവടവും കുറഞ്ഞതിന്റെ നിരാശയിലാണ് വ്യാപാരികൾ. സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ മടിക്കുന്നതും ഉയർന്ന വില വ്യാപാരത്തെ ബാധിക്കുന്നതും വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ
ഭക്ഷ്യവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന വിമർശനമാണ് വ്യാപകമായി ഉയരുന്നത്. ഓണത്തിന് മുന്‍പ് വിപണിയിൽ ഇടപെട്ട ഭക്ഷ്യവകുപ്പ് പിന്നീട് വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശ്രദ്ധിച്ചില്ല.ഓണത്തിനുശേഷം ഭക്ഷ്യവകുപ്പ് ഉറക്കത്തിലാണോ എന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *