കാഞ്ഞങ്ങാട്: ക്വാർട്ടേഴ്സ് ഉടമയും മകനും ചേർന്ന് 16കാരിയെയും മാതാവിനെയും സഹോദരനെയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.അമ്പലത്തുകര ഏച്ചിക്കാനത്തെ നസീറിന്റെ മകൾ നിദ ഫാത്തിമ (16) നൽകിയ പരാതിയിൽ പടന്നക്കാട് സ്വദേശി മൊയ്തീൻ കുഞ്ഞിനും മകൻ സിനാനുമെതിരെയാണ് കേസ്. പരാതിക്കാരിയുടെ മാതാവ് നൂർജഹാനും സഹോദരൻ നാസിനുമാണ് മർദ്ദനമേറ്റതെന്നാണ് പരാതി.
നിദ ഫാത്തിമയും കുടുംബവും പടന്നക്കാട് ആയുർവേദ ആശുപത്രിക്ക് സമീപം മൊയ്തീൻ കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ക്വാർട്ടേഴ്സിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ കാരണം അന്വേഷിച്ചെത്തിയ നിദ ഫാത്തിമയെ ക്വാർട്ടേഴ്സ് ഉടമ അസഭ്യം പറഞ്ഞെന്നാണ് ആരോപണം. ഇതേക്കുറിച്ച് ചോദിക്കാൻ എത്തിയ മാതാവ് നൂർജഹാനെയും സഹോദരൻ നാസിനെയും ഉടമയും മകനും ചേർന്ന് തടഞ്ഞുനിർത്തി മർദ്ദിച്ചെന്നും പരാതിയിലുണ്ട്.
സംഭവത്തിൽ കേസെടുത്ത ഹോസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചു.












Leave a Reply