നീലേശ്വരം: 2017ൽ ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ പിലിക്കോട് മട്ടലായിയിലെ കെ. ജയദേവനെ (58) പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിയെ വർഷങ്ങൾക്കുശേഷമാണ് പിടികൂടിയത്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഇന്റലിജൻസ് സ്ക്വാഡാണ് ഇന്നലെ ആലുവയിൽവെച്ച് പ്രതിയെ പിടികൂടിയത്.
2017ൽ സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന ആൺകുട്ടി പ്രതിയുടെ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു. മറ്റൊരു വഴിയിലൂടെ പോകാമെന്ന് പറഞ്ഞ് കുട്ടിയെ തെറ്റിദ്ധരിപ്പിച്ച പ്രതി ആൾത്തിരക്കമില്ലാത്ത പറമ്പിലെത്തിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
സംഭവത്തിൽ അറസ്റ്റിലായ ജയദേവൻ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ സെക്യൂരിറ്റി ജീവനക്കാരനായും കൽപ്പണിക്കാരനായും ജോലി ചെയ്ത് വരികയായിരുന്നു.
വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് സാങ്കേതിക മാർഗങ്ങളിലൂടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ആലുവയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെ ഇന്റലിജൻസ് സ്ക്വാഡിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത് പി., അജയൻ വി.വി. എന്നിവരാണ് അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് റിമാൻഡ് ചെയ്തു.












Leave a Reply