ദേശീയപാത നിർമ്മാണത്തിന് എത്തിച്ച ഇരുമ്പ് പൈപ്പുകൾ കവർന്ന കേസ്; കാസർകോട്ട് രണ്ട് പേർ പിടിയിൽ

കാസർകോട്: ദേശീയപാത വികസന പ്രവൃത്തികൾക്കായി എത്തിച്ച ഇരുമ്പ് പൈപ്പുകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പിലിക്കോട് ഏച്ചിക്കൊവ്വൽ സ്വദേശി പ്രജ്വൽ (33), പടന്ന തെക്കേക്കാട് സ്വദേശി പി.വി. ശ്രീജേഷ് (36) എന്നിവരാണ് പിടിയിലായത്.

ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ചട്ടഞ്ചാലിലെ നിർമ്മാണ സൈറ്റിൽ നിന്നാണ് പ്രതികൾ 30 ഇരുമ്പ് പൈപ്പുകൾ കവർന്നത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. സൈറ്റിൽ സൂക്ഷിച്ചിരുന്ന സാമഗ്രികൾ കാണാതായതിനെ തുടർന്ന് കമ്പനിയുടെ സെക്യൂരിറ്റി ഓഫീസർ പുഷ്പരാജ് മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ മേൽപ്പറമ്പ് എസ്.ഐ ടി. അഖിലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മേഖലയിൽ ഊർജ്ജിത പരിശോധന നടത്തി. ഇതിനിടെ ദേശീയപാതയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട മിനി ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കവർച്ച ചെയ്ത ഇരുമ്പ് പൈപ്പുകൾ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ മോഷണക്കുറ്റം സമ്മതിച്ചതിനെ തുടർന്ന് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കവർച്ച ചെയ്ത പൈപ്പുകളും കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *