ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ മൂന്നാം തവണയും ഡോ. സിനോഷ് സ്കറിയാച്ചൻ

രാജപുരം (കാസർഗോഡ്): ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി മൂന്നാം തവണയും ഇടം നേടി രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിനോഷ് സ്കറിയാച്ചൻ. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയും എൽസിവിയർ പ്രസാധക സ്ഥാപനവും സംയുക്തമായി പ്രസിദ്ധീകരിച്ച ഈ വർഷത്തെ പട്ടികയിലാണ് ബയോമെഡിക്കൽ റിസർച്ച് വിഭാഗത്തിലെ മൈക്രോബയോളജി ഉപമേഖലയിൽ ഡോ. സിനോഷ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ രണ്ട് വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റാങ്കിങ്ങിൽ 1,186 സ്ഥാനങ്ങളുടെ പുരോഗതി കൈവരിച്ചാണ് അദ്ദേഹം ഇത്തവണ പട്ടികയിൽ മുന്നിലെത്തിയത്. സെൻറ് പയസ് ടെൻത് കോളേജ്, കാസർഗോഡ്, ഇന്ത്യ എന്ന പേരിലാണ് സിനോഷിന്റെ പേര് പട്ടികയുടെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദീകരിച്ചത്. തുടർച്ചയായി മൂന്ന് തവണ ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ശ്രദ്ധേയരായ യുവ ഗവേഷകരിൽ ഒരാളാണ് ഡോ. സിനോഷ്.

150-ലേറെ ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ള ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന് 3,000-ത്തിലധികം സൈറ്റേഷനുകളും ലഭിച്ചിട്ടുണ്ട്. ബയോഇൻഫോർമാറ്റിക്സ്, കംപ്യൂട്ടേഷണൽ ബയോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ പ്രയോജനപ്പെടുത്തി ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയായ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എ എം ആർ ) നിയന്ത്രിക്കുന്നതിനുള്ള നൂതന ഗവേഷണങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കൾക്കെതിരെ ദക്ഷിണേന്ത്യയിൽ ലഭ്യമായ ഔഷധസസ്യങ്ങളിൽ നിന്നും സമുദ്രത്തിലെ പ്രത്യേകതരം കടൽസ്പോഞ്ചുകളുമായി സഹജീവിതം പുലർത്തുന്ന സൂക്ഷ്മജീവികളിൽ നിന്നും പുതിയ ബയോആക്റ്റീവ് സംയുക്തങ്ങൾ കണ്ടെത്തുന്നതിനും അവയുടെ ഔഷധസാധ്യതകൾ കംപ്യൂട്ടേഷണൽ രീതികളിലൂടെ വിലയിരുത്തുന്നതിനുമുള്ള പഠനങ്ങൾ അദ്ദേഹത്തിന്റെ ഗവേഷണരംഗത്ത് ശ്രദ്ധേയമാണ്. പ്രത്യേകതരം സൂക്ഷ്മജീവികളിൽ നിന്നുള്ള എൻസൈമുകൾ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ജൈവനിർമാർജനം, സമുദ്രപരിസ്ഥിതിയിൽ കാണപ്പെടുന്ന ആക്ടിനോബാക്ടീരിയകളുടെ പ്രയോജനസാധ്യതകൾ, പ്രോബയോട്ടിക്കുകൾ, രോഗാണുക്കളുടെ ഔഷധപ്രതിരോധശേഷി എന്നിവയും അദ്ദേഹത്തിന്റെ ഗവേഷണ മേഖലകളിൽ ഉൾപ്പെടുന്നു.

കോവിഡ്-19, നിപ്പ, എബോള തുടങ്ങിയ പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കംപ്യൂട്ടേഷണൽ പഠനങ്ങളും നേരത്തെ ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബി.എസ്.സി. വിദ്യാർത്ഥികൾ നടത്തിയ ഗവേഷണത്തിലൂടെ പ്രത്യേക സവിശേഷതകളുള്ള നാല് പുതിയ ബാക്ടീരിയ ഇനങ്ങളെ കണ്ടെത്തിയതും ശ്രദ്ധേയമായ നേട്ടമാണ്.

കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാലയിൽ നിന്ന് മൈക്രോബയോളജിയിലും ബയോഇൻഫോർമാറ്റിക്സിലും രണ്ട് ബിരുദാനന്തര ബിരുദങ്ങൾ നേടിയ ഡോ. സിനോഷ്, കർണാടകയിലെ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയിൽ നിന്ന് ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടി. ദേശീയ, അന്തർദേശീയ തലങ്ങളിലായി 300-ലേറെ സെമിനാറുകളിലും കോൺഫറൻസുകളിലും പങ്കെടുത്ത അദ്ദേഹം നിരവധി വേദികളിൽ ക്ഷണിത പ്രഭാഷകനായും ഗവേഷണ പ്രബന്ധ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.

മികച്ച മൈക്രോബയോളജി അധ്യാപകനുള്ള ദേശീയതല അംഗീകാരം, യുവശാസ്ത്രജ്ഞ പുരസ്കാരം, 25-ലേറെ മികച്ച ഗവേഷണ പ്രബന്ധ പുരസ്കാരങ്ങൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള നിരവധി ശാസ്ത്ര ജേണലുകളുടെ എഡിറ്റോറിയൽ ബോർഡ് അംഗമായും എഡിറ്ററായും പ്രവർത്തിക്കുന്ന അദ്ദേഹം 200-ലേറെ ശാസ്ത്രപ്രബന്ധങ്ങളുടെ പിയർ റിവ്യൂവറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര അക്കാദമികളും ഉൾപ്പെടെ 25-ലേറെ ശാസ്ത്രസംഘടനകളിൽ അംഗമായ അദ്ദേഹം വിവിധ ഗവേഷണ-അക്കാദമിക പ്രവർത്തനങ്ങളിലും സജീവമാണ്.

പരേതനായ വട്ടകുടിയിൽ വി.വി. സ്കറിയാച്ചന്റെയും ജാൻസി സ്കറിയാച്ചന്റെയും മകനാണ് ഡോ. സിനോഷ് സ്കറിയാച്ചൻ. ഫാമിലി കൗൺസിലറും കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമായ ഡോ. ധന്യ പി. എലിസബത്താണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഉജ്വലും രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വലുമാണ് മക്കൾ. ചെറുപനത്തടി സ്വദേശിയായ ഡോ. സിനോഷ് നിലവിൽ കാഞ്ഞങ്ങാട് താമസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *