അരക്കോടിയുടെ എംഡിഎംഎ പിടികൂടിയ കേസ്: അന്താരാഷ്ട്ര ബന്ധം അന്വേഷിച്ച് പൊലീസ്

നീലേശ്വരം: മംഗള എക്സ്പ്രസിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന കേസിൽ രണ്ടുപേരെ കൂടി നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗൽപാടി സോങ്കാൽ പ്രതാപ് നഗറിലെ യൂസഫ്, നൗഷാദ് അലി എന്നിവരെയാണ് എസ്‌ഐ സി.എം. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

665.67 ഗ്രാം എംഡിഎംഎയുമായി ഇന്നലെ ഉച്ചയ്ക്ക് നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മംഗൽപാടി സോങ്കാൽ പ്രതാപ് നഗറിലെ അഹമ്മദ് റുക്ഷാദ് (33), അബ്ദുൾ ഹമീദ് (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനിൽ നീലേശ്വരത്ത് ഇറങ്ങിയ ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയതായിരുന്നു യൂസഫും നൗഷാദ് അലിയുമെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കടത്തുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഡൽഹിയിൽനിന്ന് വരുന്ന മംഗള എക്സ്പ്രസിലായിരുന്നു മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് വിവരം. എന്നാൽ സ്റ്റേഷനിൽ പൊലീസ് സംഘത്തെ കണ്ടതോടെ അടുത്ത സ്റ്റോപ്പായ നീലേശ്വരത്ത് ഇറങ്ങുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാത്തുനിന്ന പൊലീസ് സംഘം ഇവരെ വളഞ്ഞുപിടികൂടി.

പഞ്ചാബിൽനിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് മൊഴി നൽകിയതായാണ് വിവരം. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അരക്കോടി രൂപയിലധികം വിലവരുമെന്നാണ് കണക്കാക്കുന്നത്.

അന്താരാഷ്ട്ര ബന്ധമെന്ന് സംശയം

എംഡിഎംഎ കടത്ത് കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പാക്കിസ്ഥാനിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വഴി മയക്കുമരുന്ന് പഞ്ചാബിലെത്തിച്ചതായാണ് പ്രതികളുടെ മൊഴിയിൽനിന്ന് ലഭിക്കുന്ന സൂചനയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഗൾഫിൽനിന്ന് മയക്കുമരുന്ന് ഇടപാടുകൾ നിയന്ത്രിക്കുന്നവരിൽ കാസർകോട് സ്വദേശികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അതിനിടെ, മംഗളൂരുവിലെ ഒരു കൊറിയർ സ്ഥാപനത്തിലേക്ക് എത്തിയ രണ്ടുകോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ബന്തിയോട് സ്വദേശിയും മംഗളൂരു സ്വദേശിയും അറസ്റ്റിലായ സംഭവവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ കേസിലെ മയക്കുമരുന്നും പഞ്ചാബിൽനിന്നാണ് എത്തിയതെന്നാണ് വിവരം. നീലേശ്വരത്ത് പിടിയിലായ സംഘത്തിന് മംഗളൂരുവിൽ അറസ്റ്റിലായവരുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ മയക്കുമരുന്ന് കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം.

ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജിന്റെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. എസ്‌ഐക്കൊപ്പം എഎസ്ഐ ഓമനക്കുട്ടൻ, ഗ്രേഡ് എസ്‌ഐ ശ്രീജിത്ത്, വിനീഷ്, രമേശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ നാലു പ്രതികളെയും റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

Leave a Reply

Your email address will not be published. Required fields are marked *