നീലേശ്വരത്ത് വൻ ലഹരിവേട്ട; 697 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

നീലേശ്വരം: കാൽക്കോടി രൂപയോളം വിലവരുന്ന 697 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഡാൻസാഫ് സംഘം പിടികൂടി. ഉപ്പള സോങ്കാൽ സ്വദേശികളായ അഹമ്മദ് റുക്ഷാദ് (33), അബ്ദുൽ ഹമീദ് (30) എന്നിവരാണ് അറസ്റ്റിലായത്.

പഞ്ചാബിൽനിന്ന് ട്രെയിൻ മാർഗം കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മംഗള എക്സ്പ്രസിൽ ഇന്ന് ഉച്ചയോടെ നീലേശ്വരത്ത് ഇറങ്ങിയ പ്രതികളെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ബാഗിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി ഇരുവരെയും വളഞ്ഞുപിടികൂടുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അച്യുത് അശോക്, കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധനയും അറസ്റ്റും. നാർക്കോട്ടിക് സെൽ, നീലേശ്വരം പൊലീസ്, ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘം എന്നിവർ സംയുക്തമായാണ് ലഹരിമരുന്ന് പിടികൂടിയത്.

നീലേശ്വരം സബ് ഇൻസ്പെക്ടർമാരായ സാബു, ഓമനക്കുട്ടൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രമേശൻ എന്നിവരും ഡാൻസാഫ് അംഗങ്ങളായ ഷൈജു, ആരിഫ്, സനൂപ്, രജീഷ് കാട്ടമ്പള്ളി, ഉണ്ണികൃഷ്ണൻ, റിതേഷ്, വിജേഷ്, അനീഷ്, ഭക്ത സെൽവൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *