കാസർകോട്: ഡോക്ടറും എഞ്ചിനീയറും ചമഞ്ഞ് നിരവധി യുവതികളെ വിവാഹ തട്ടിപ്പിനിരയാക്കി സ്വർണവും പണവും തട്ടിയെടുത്ത ബലാത്സംഗ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വയനാട്, മാനന്തവാടി, വെള്ളറ, ചെന്നിക്കര വീട്ടിൽ ബിജു ആൻ്റണി (45)യെയാണ് ചേർത്തല പൊലീസ് അറസ്റ്റു ചെയ്തത്. സുൽത്താൻ ബത്തേരി സ്വദേശിനിയായ ഭാര്യക്കും മക്കൾക്കും ഒപ്പം താമസിച്ചു വരുന്നതിനിടയിലാണ് അറസ്റ്റ്. ഡോക്ടർ ചമഞ്ഞ് തളിപ്പറമ്പ് സ്വദേശിനിയായ യുവതിയെ ഹൊസങ്കടിയിലെ ലോഡ്‌ജിൽ എത്തിച്ച് ബലാത്സംഗം ചെയ്‌തുവെന്നതിനാണ് ബിജു ആന്റണിക്കെതിരെ മഞ്ചേശ്വരം പൊലീസിൽ കേസുള്ളത്. യുവതിയുടെ മൂന്നരപ്പവൻ തട്ടിയതായും പരാതിയുണ്ട്.
2020ൽ ആണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത്. ചേർത്തല, വയലാറിൽ രമ്യയെന്ന യുവതിയെ വിവാഹം കഴിച്ചു കൊണ്ടായിരുന്നു തട്ടിപ്പിൻ്റെ തുടക്കം. രാജേഷ് എന്ന പേരിലാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നാം നാൾ 30,000 രൂപയും ഏഴു പവൻ സ്വർണവും കൈക്കലാക്കിയാണ് ഇയാൾ സ്ഥലം വിട്ടത്. രമ്യയുടെ പരാതിയിൽ ചേർത്തല പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രസ്‌തുത കേസിൽ ആറു വർഷത്തിന് ശേഷമാണ് ബിജു ആൻ്റണി അറസ്റ്റിലായത്. ഡോക്ടറാണെന്നു പറഞ്ഞ് വിവാഹ പരസ്യം നൽകി യുവതികളെ പരിചയപ്പെട്ട ശേഷം അവരെ ചതിച്ച് സ്വർണാഭരണങ്ങളുമായി മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇയാൾ ഇരകളെ പരിചയപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഡോക്ടറും എഞ്ചിനീയറും ചമഞ്ഞ് നിരവധി യുവതികളെ വിവാഹ തട്ടിപ്പിനിരയാക്കി സ്വർണവും പണവും തട്ടിയെടുത്ത ബലാത്സംഗ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.












Leave a Reply