ഇരുവൃക്കകളും തകരാറിൽ; ചികിത്സയ്ക്ക് 45 ലക്ഷം വേണം ബാബു സുമനസ്സുകളുടെ സഹായം തേടുന്നു

 

എണ്ണപ്പാറ: ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ പേരിയ വടക്കുംമൂല ആദിവാസി ഊരിലെ ബാബു (40) സുമനസ്സുകളുടെ സഹായം തേടുന്നു.കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ബാബുവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 45 ലക്ഷം രൂപ ആവശ്യമാണ്. നിലവിൽ ആഴ്ചയിൽ മൂന്ന് തവണ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ഡയാലിസിസ് നടത്തിവരികയാണ്. ഇതിനകം ചികിത്സയ്ക്കായി വലിയൊരു തുക ചെലവായിട്ടുണ്ട്. ഡയാലിസിസിനും മറ്റ് ചികിത്സകൾക്കുമായി തുടർന്നും വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബം നേരിടുന്നത്.

കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ബാബു ഭാര്യയും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായ ബാബുവിന് ഗുരുതരമായ വൃക്കരോഗം ബാധിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിർധന കുടുംബത്തിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ആവശ്യമായ ഭീമമായ തുക കണ്ടെത്തുക പ്രയാസമാണ്. ബാബുവിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം അത്യാവശ്യമായിരിക്കുകയാണ്.

കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെമ്പർ സജിത ശ്രീകുമാർ രക്ഷാധികാരിയായും ബിനു പി. ചെയർമാനായും മോഹനൻ വടക്കംമൂല കൺവീനറായും രാജേഷ് തുമ്പക്കുന്ന് ഖജാൻജിയായും ഉൾപ്പെട്ട് ‘ബാബു വടക്കംമൂല ചികിത്സാ സഹായ കമ്മിറ്റി’ രൂപീകരിച്ചിട്ടുണ്ട്. ചികിത്സാ സഹായം സമാഹരിക്കുന്നതിനായി കമ്മിറ്റി ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

ബാബുവിന്റെ ചികിത്സയ്ക്കായി താഴെപ്പറയുന്ന അക്കൗണ്ടിലേക്ക് തങ്ങളാൽ കഴിയുന്ന ധനസഹായം നൽകണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അഭ്യർഥിച്ചു.

സഹായം നൽകുന്നതിനുള്ള ബാങ്ക് വിവരങ്ങൾ:
Bank: Kerala Grameena Bank
Branch: Ambalathara
Account Name: BABU VADAKKAMMOOLA CHIKITSA SAHAYA COMMITTEE
Account No.: 40437101074002
IFSC: KLGB0040437

 

Leave a Reply

Your email address will not be published. Required fields are marked *