ട്രെയിനിൽ യാത്രക്കാരന്റെ രണ്ട് മൊബൈൽ ഫോണുകൾ കവർന്നു; 63കാരൻ അറസ്റ്റിൽ

കാസർകോട്: ട്രെയിനിൽ യാത്രക്കാരിയുടെ രണ്ട് മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതി റെയിൽവേ പോലീസിന്റെ പിടിയിലായി. പന്നിപ്പാറ മുട്ടത്തൊടി സ്വദേശിയും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ കെ.കെ. അബ്ദുല്ല (63) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 28ന് രാവിലെ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്ത നേത്രാവതി എക്സ്പ്രസിൽ വച്ചാണ് മോഷണം നടന്നത്. വേങ്ങേരി സ്വദേശി സൂര്യകൃഷ്ണയുടെ 30,000 രൂപയും 10,000 രൂപയും വിലവരുന്ന രണ്ട് മൊബൈൽ ഫോണുകളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ സൂര്യകൃഷ്ണ കാസർകോട് റെയിൽവേ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളിൽനിന്ന് മോഷണം പോയ രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ട് വർഷമായി ട്രെയിനുകളിൽ സ്ഥിരമായി മോഷണം നടത്തുന്നയാളാണ് അബ്ദുല്ലയെന്നും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, കാസർകോട് റെയിൽവേ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. രാജീവൻ, ഇൻസ്പെക്ടർ സി.എസ്. സനിൽകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗംഗാധരൻ, സിവിൽ പോലീസ് ഓഫീസർ പി. സുശാന്ത്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സി.പി.ഡി.എസ്. സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എം. ഷിജു, ഹെഡ്കോൺസ്റ്റബിൾ ശ്രീകാന്ത്, കോൺസ്റ്റബിൾ അബ്ദുൽ സത്താർ, കോൺസ്റ്റബിൾ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *