സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട് കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളില്‍ വീണ് ദമ്പതിമാര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കൈതച്ചാലിന് സമീപമാണ് അപകടമുണ്ടായത്. ഭാസ്‌കരന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. പരിക്കേറ്റ ഭാസ്‌കരനെയും ഭാര്യ പ്രേമയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ചു.

മലപ്പുറം തിരൂര്‍ റൂട്ടില്‍ ആല്‍മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.ശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂര്‍ ഓടക്കാലിയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. വൈകിട്ട് നാലരയോടെ ഓടക്കാലി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്. കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

 

ചാലക്കുടിയില്‍ മരം വീണ് ബിഎംഡബ്ല്യൂ കാര്‍ തകര്‍ന്നു. സ്വകാര്യ ഹോട്ടലിന് മുന്നില് നിര്‍ത്തിയ കാറിന് മുകളിലേക്കാണ് മരം വീണത്. കാറിനൊപ്പം മറ്റു രണ്ടു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പെട്ടെന്നുണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണത്. ആര്‍ക്കും ആളപായമില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *