നീലേശ്വരത്ത് അശാസ്ത്രീയ നികത്തലിനെതിരെ കളിത്തോണി ഇറക്കി ജനകീയ പ്രതിഷേധ സമരം

നീലേശ്വരം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് മണ്ണുനിറച്ചുള്ള റാംപിന് പകരം തൂണുകളിലുള്ള ആകാശപാത (ഫ്ലൈഓവർ) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരം 196-ാം ദിവസത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി നീർച്ചാലിൽ കളിത്തോണി ഇറക്കി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.

കൊടുംവേനലിലും വെള്ളക്കെട്ടുള്ള ചതുപ്പുനിലത്തിൽ മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും നിറച്ചാണ് നിലവിൽ റാംപ് നിർമ്മിക്കുന്നതെന്നും, ഇത് ഭാവിയിൽ സുരക്ഷാ പ്രശ്നങ്ങൾക്കിടയാക്കുമെന്നുമാണ് സമരസമിതിയുടെ നിലപാട്. എന്നാൽ, നിർമ്മാണം സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചുള്ള ശാസ്ത്രീയ രീതിയിലാണ് നടക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

സ്ഥലത്തെ ഭൂപ്രകൃതി പരിഗണിച്ച് തൂണുകളിലുള്ള മേൽപ്പാലമാണ് അനുയോജ്യമെന്ന് നേരത്തെ വിദഗ്ദ്ധ സമിതി പരിശോധനാ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നുവെന്നും, ഇത് നടപ്പിലാക്കാൻ അധികൃതർ തയ്യാറാകണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. സ്ത്രീകളും മുതിർന്ന പൗരന്മാരുമടക്കം നിരവധി പ്രദേശവാസികൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

ജനകീയ സമരസമിതി ചെയർമാൻ ടി.സി.വി. ശ്രീനാഥ് ശശി, ജനറൽ കൺവീനർ ഡി. രാജൻ, ട്രഷറർ മഹമ്മൂദ് കോട്ടായി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഹരീന്ദ്രൻ, പത്മരാജൻ ഐങ്ങോത്ത്, വിജയൻ കൈപ്പാട്ടിൽ, സി.എം. അശോക് കുമാർ, രാജീവൻ, വിനോദ്, ഹമീദ് തൃക്കരിപ്പൂർ, ജോൺ ഐമെൻ, ഹരീഷ് പി.പി., സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *