കാസർകോട്: കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ വെച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവിനെതിരെ കുമ്പള പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
കാസർകോട് പൊലീസ് സബ് ഡിവിഷൻ പരിധിയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടി പ്രതിയായ യുവാവിനെ പരിചയപ്പെടുന്നത്. തുടർന്ന് ഒരു ദിവസം പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്തെ വിജനമായ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഭയം കാരണം പെൺകുട്ടി വിവരം ആരോടും തുറന്നുപറഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഡോക്ടറോട് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയും തുടർന്ന് ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ആശുപത്രി അധികൃതരുടെ അറിയിപ്പിനെ തുടർന്ന് കുമ്പള പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.










Leave a Reply