കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണ പതിനെട്ടുകാരൻ മരിച്ചു. ബിഹാർ സൗസ സ്വദേശി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷഹാൻബാജ് ആലം (18) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ എട്ടുമണിയോടെ നേത്രാവതി എക്‌സ്പ്രസിലായിരുന്നു സംഭവം. ബന്ധു നേഹാൽ ഷായ്ക്കൊപ്പം തൃശൂരിലുള്ള സഹോദരനെ കാണാനായി മംഗളൂരുവിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഷഹാൻബാജ്. യാത്രയ്ക്കിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ റെയിൽവേ പൊലീസെത്തി യുവാവിനെ ഉടൻതന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തൃശൂരിലുള്ള സഹോദരൻ കാസർകോട്ടെത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കും. തുടർന്ന് തിങ്കളാഴ്ചയോടെ മൃതദേഹം ബിഹാറിലേക്ക് കൊണ്ടുപോകുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.












Leave a Reply