അമ്പലത്തറ: അട്ടേങ്ങാനം വെള്ളമുണ്ടയിൽ കത്തിയുമായി വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ വീട് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. വെള്ളമുണ്ടയിലെ ശരത്ത് (30)ന്റെ വീടാണ് കത്തിനശിച്ചത്.
കഴിഞ്ഞ 26-ാം തിയ്യതിയാണ് ശരത്ത് രാഘവൻ നായരുടെ വീട്ടുവളപ്പിൽ കയറി ആക്രമണം നടത്തിയത്. രാഘവൻ നായർ (70), ഭാര്യ ഇന്ദിര (65), അയൽവാസിയായ യദു (30) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂവരുടെയും കൈകൾക്കാണ് വെട്ടേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രാഘവൻ നായരുടെ വീട്ടുവളപ്പിൽ കയറിയ ശരത്ത് ആദ്യം രാഘവൻ നായരെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ ഇന്ദിരയെയും ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. ദമ്പതികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി യദു ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെട്ടേറ്റത്.
തുടർന്ന് ബഹളം കേട്ട് കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തുകയും ശരത്തിനെ പിടികൂടി അമ്പലത്തറ പോലീസിന് കൈമാറുകയും ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത ശരത്തിനെ കോടതി നിർദേശപ്രകാരം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതിനിടെയാണ് ശരത്തിന്റെ വീടിന് അജ്ഞാതർ തീവെച്ചത്. ഇന്ന് വീടിന് തീപിടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലത്തറ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.











Leave a Reply