ഭര്‍ത്താവിന് സംശയരോഗം, സൈക്കോപാത്തിനെ പോലെ’,ബെല്‍റ്റ്, ഇടികല്ല്, കുക്കര്‍ അടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും യുവതി

കൊല്ലം: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. പുത്തന്‍തുറ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. ഇവരുടെ ഭര്‍ത്താവ് നന്ദു, ഭര്‍തൃപിതാവ് ദിനേശ്, ഭര്‍തൃമാതാവ് ജഗതമ്മ എന്നിവര്‍ക്കെതിരെ ചവറ പൊലീസ് കേസെടുത്തു. നവവധുവിനെ ഭര്‍ത്താവ് ക്രൂരമായാണ് മര്‍ദ്ദിച്ചത്. ഇതിന്റെ ഭീകരമായ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. പ്രഷര്‍ കുക്കര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍, ബെല്‍റ്റ് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.

വിദേശത്ത് വെച്ചാണ് ക്രൂര മര്‍ദ്ദനമേറ്റത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുമാസം മുമ്പാണ് കല്യാണം കഴിഞ്ഞതെന്നും സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു ആക്രമണമെന്നും യുവതിയുടെ പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും പിതാവ് പറഞ്ഞു.

ഭര്‍ത്താവിന് സംശയ രോഗമാണെന്നും ബെല്‍റ്റ്, ഇടികല്ല്, കുക്കര്‍ അടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും യുവതി പ്രതികരിച്ചു. കരഞ്ഞ് കാല് പിടിച്ചിട്ടും ഉപദ്രവം നിര്‍ത്തിയില്ലെന്നും അവര്‍ പറഞ്ഞു. തന്നെ അടിച്ചിട്ട് അയാള്‍ വീട്ടില്‍ വിളിച്ച് പറയുമായിരുന്നു. സൈക്കോപാത്ത് പോലെയാണ് തന്നോട് പെരുമാറിയത്. ഫോണും ലാപ്‌ടോപ്പും വാങ്ങിവെച്ചുവെന്നും യുവതി പറയുന്നു. നാട്ടിലേക്ക് വീട്ടുകാരാണ് ടിക്കെറ്റെടുത്തത്. തന്നെ ആശുപത്രിയിലേക്കല്ല, കരയോഗത്തിലേക്കാണ് കൊണ്ടുപോയത്. കരയോഗവും ഭർതൃ വീട്ടുകാർക്കാണ് പിന്തുണ നൽകുന്നത്. ഫോണും മറ്റും കരയോഗത്തിൽ പിടിച്ചുവെച്ചിരിക്കുകയാണ്.
കയ്യിലെ മുറിവ് കണ്ടപ്പോഴാണ് തന്റെ വീട്ടുകാർക്ക് കാര്യം ബോധ്യപ്പെട്ടത്. ഭീഷണിപ്പെടുത്തി മോശം ഓഡിയോ റെക്കോർഡ് ചെയ്ത് വീട്ടുകാർക്ക് അയച്ച്
മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമം നടത്തി. അടിച്ച ശേഷം മുറിവുകൾ ഉൾപ്പെടെ ചിത്രീകരിച്ചുവെന്നും യുവതി പറയുന്നു.

 

യുവതി നേരിട്ട പീഡനം സർക്കാർ ഗൗരവത്തോടെ കാണുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ റിപ്പോർട്ടറിനോട് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *