പാതിവഴിയിൽ ഇറക്കിവിട്ട് ബസുകൾ; സർവീസ് റോഡ് അടച്ചതോടെ ചെർക്കളയിൽ യാത്രക്കാർക്ക് ദുരിതയാത്ര

കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെർക്കളയിൽ സർവീസ് റോഡ് അടച്ചതോടെ യാത്രക്കാർ പെരുവഴിയിലായി. ചട്ടഞ്ചാൽ, ബേവിഞ്ച ഭാഗത്തുനിന്നും വരുന്ന യാത്രക്കാരെ ചെർക്കള ടൗണിലെത്തിക്കാതെ ഫ്ലൈഓവറിന് സമീപം ഇറക്കിവിട്ട് ബസുകൾ സർവീസ് നടത്തുന്നതാണ് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്. വി.കെ പാറ കഴിഞ്ഞ് ടൗണിലേക്ക് പ്രവേശിക്കുന്ന സർവീസ് റോഡിൽ അറ്റകുറ്റപ്പണികൾക്കായി ഗതാഗതം തടഞ്ഞിട്ട് ഒരാഴ്ചയിലധികമായി. എന്നാൽ, ചെർക്കള ടൗണിലേക്ക് എത്തേണ്ട യാത്രക്കാരെ ഏകദേശം 600 മീറ്ററോളം അകലെ ഫ്ലൈഓവർ തുടങ്ങുന്ന ഭാഗത്ത് റോഡിൽ ഇറക്കിവിട്ട ശേഷം ബസുകൾ ഫ്ലൈഓവറിലൂടെ നേരെ കാസർകോട് ഭാഗത്തേക്ക് പോവുകയാണ്.

ചളിയിലും പൊടിയിലും കാൽനടയാത്ര
റോഡ് പണി കാരണം ചെളി നിറഞ്ഞതും തകർന്നതുമായ വഴികളിലൂടെ വേണം യാത്രക്കാർക്ക് ചെർക്കള ടൗണിലേക്ക് നടന്നെത്താൻ. പ്രായമായവർ, രോഗികൾ, പിഞ്ചുകുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർ, വിദ്യാർത്ഥികൾ തുടങ്ങിയവരാണ് ഇതുകാരണം ഏറെ ബുദ്ധിമുട്ടുന്നത്. മറ്റ് ആവശ്യങ്ങൾക്കും കല്യാണങ്ങൾക്കും പോകുന്നവർ പോലും വസ്ത്രങ്ങളിലും ചെരിപ്പിലും ചളിപുരണ്ട് നടന്നു പോകേണ്ട ഗതികേടിലാണ്. സർവീസ് റോഡ് പണി തുടങ്ങിയതോടെ ബസുകൾ ഈ സാഹചര്യം മുതലെടുത്ത് യാത്രക്കാരെ വഴിയിലുപേക്ഷിച്ച് പോവുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

പോലീസിൽ പരാതി നൽകി
യാത്രക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ നാസർ ചെർക്കളം ജില്ലാ പോലീസ് മേധാവിയെ ഫോണിലും സന്ദേശങ്ങളിലൂടെയും ബന്ധപ്പെട്ട് പരാതി അറിയിച്ചു. തുടർന്ന് വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരെ അയച്ച്, തുറന്നുകിടക്കുന്ന മറ്റ് അനുയോജ്യമായ വഴികളിലൂടെ ബസുകൾ ചെർക്കള ടൗണിലേക്ക് തന്നെ പ്രവേശിപ്പിച്ച് യാത്രക്കാരെ അവിടെ ഇറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട് ദുരിതത്തിലാക്കുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സർവീസ് റോഡിന്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണമെന്നുമാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *