ഓപ്പറേഷൻ തൂഫാൻ 2.0: ലഹരിക്കെതിരെ കൈകോർത്തു കള്ളാർ ഗ്രാമപഞ്ചായത്ത്

കള്ളാർ: ലഹരിക്കെതിരായ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എം. സൈമണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. രാജപുരം സബ് ഇൻസ്‌പെക്ടർ അഭിജിത്ത് വിഷയാവതരണം നടത്തി. തുടർന്ന് ജനപ്രതിനിധികൾക്ക് ബാഡ്ജുകൾ വിതരണം ചെയ്തു.

സീനിയർ പോലീസ് ഓഫീസർ സ്മിത ജനപ്രതിനിധികൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ പി. ഗീത, ശ്രീവിദ്യ പി. എന്നിവർ സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ തൂഫാൻ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രേമ സ്വാഗതവും പി. എൽ. റോയി നന്ദിയും പ്രകാശിപ്പിച്ചു.

ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെയും പൊതുസമൂഹത്തിന്റെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ചടങ്ങിൽ തുടക്കം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *