വധശ്രമക്കേസ് പ്രതിയായ ബേക്കൽ സ്വദേശി ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കാണാനെത്തിയ ഒന്നാം പ്രതി അറസ്റ്റിൽ.

ബേക്കൽ: വധശ്രമക്കേസിലെ പ്രതിയായ ബേക്കൽ സ്വദേശി എറണാകുളത്തെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ കുന്ന് കാട്ടൂർമൂലയിലെ മുസ്താഖ് (25) ആണ് മരിച്ചത്.പാലാരിവട്ടം എസ്.എൻ. ജംഗ്ഷന് സമീപത്തെ ഹോട്ടൽ മുറിയിൽ ഇന്നലെ പുലർച്ചെയാണ് മുസ്താഖിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടപ്പള്ളി കുന്നുംപുറം ഗ്രീൻ മാംഗോ കഫേ പരിസരത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് മുസ്താഖ്.
കേസിൽ അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

അതേസമയം, കേസിലെ ഒന്നാം പ്രതിയും ജൂനിയർ സിനിമാ ആർട്ടിസ്റ്റുമായ നിഹാൽ രണ്ട് മാസമായി ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.

മുസ്താഖിന്റെ മൃതദേഹം കാണാൻ നിഹാൽ എത്താൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രി മോർച്ചറിക്ക് സമീപം പൊലീസ് മഫ്തിയിൽ കാത്തുനിന്നു. പൊലീസിന്റെ കണക്കുകൂട്ടൽ ശരിവച്ച് നിഹാൽസ്ഥലത്തെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *