പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി പ്രചരിപ്പിച്ചു; കേസിൽ പ്രധാന പ്രതി അറസ്റ്റിൽ

കാസർകോട്: പെൺകുട്ടികളുടെ ചിത്രങ്ങൾ അറിവോ സമ്മതമോ ഇല്ലാതെ ശേഖരിച്ച്, സാങ്കേതികവിദ്യയുടെ സഹായത്തോടെ മോർഫ് ചെയ്‌ത്‌ അശ്ലീല ദൃശ്യങ്ങളാക്കി മാറ്റിയ കേസിലെ പ്രധാന പ്രതിയെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേതാണ് (24) അറസ്റ്റിലായത്.

കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായ നികേത്. ഒന്നാം പ്രതിയായ ഇരിയണ്ണി സ്വദേശി അനൂപിനെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒന്നാം പ്രതി കൈമാറിയ പെൺകുട്ടികളുടെ ഫോട്ടോകൾ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയത് നികേതാണെന്ന് പൊലീസ് കണ്ടെത്തിയത്.

കഴിഞ്ഞ സെപ്റ്റംബർ 25-ന് പുഴക്കാട്ടിരിയിൽ വച്ചാണ് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. രാജീവൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ടി. ടി. നൗഷാദ്, എസ്.സി.പി.ഒമാരായ പി. വി. സുധീഷ്, സവാദ് അഷറഫ്, സി.പി.ഒ. വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 9 വരെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് രേഖകൾ, ടെലഗ്രാം ഗ്രൂപ്പുകളിലെ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു വരികയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *