തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് (INCOIS) കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
സെപ്റ്റംബർ 26 പുലർച്ചെ 02:30 മുതൽ സെപ്റ്റംബർ 28 പുലർച്ചെ 02:30 വരെ കേരള തീരത്ത് 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറാനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അതീവ ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ:
- കാസർകോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
- കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
- കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
- മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
- തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
- എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
- ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
- കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
- തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷാ നിർദേശങ്ങൾ:
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
- തിരമാലകൾ ശക്തിപ്പെടുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്.
- മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം.
- മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ പരസ്പരം കൂട്ടിയിടിക്കാത്ത വിധം സുരക്ഷിതമായ അകലം പാലിച്ച് കെട്ടിയിടുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.
- തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണം.












Leave a Reply