കാസർകോട്: മംഗൽപാടി ഷിറിയ പുഴ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മണൽക്കടത്ത് തടയാൻ എ.എസ്.പി അച്യുത് അശോകിന്റെ നേതൃത്വത്തിൽ പുലർച്ചെ മിന്നൽ പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് ടിപ്പർ ലോറി ഡ്രൈവറെയും വാഹന ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. പാവൂർ സ്വദേശി മുഹമ്മദ് അഷ്റഫ്, ലോറിയുടെ ഉടമസ്ഥനായ ഉപ്പള സ്വദേശി മോഹിൻ ഷിറാസ് എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു പോലീസിന്റെ അപ്രതീക്ഷിത നടപടി. കൈകമ്പ ഭാഗത്തുനിന്ന് പൈവളികെ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി പോലീസ് കൈകാട്ടി നിർത്തിക്കുകയായിരുന്നു. വാഹനം നിർത്തിയ ഉടൻ ഡ്രൈവർ മുഹമ്മദ് അഷ്റഫ് ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം സാഹസികമായി ഇയാളെ കീഴ്പ്പെടുത്തി.
ഇതിനിടയിൽ, ടിപ്പർ ലോറിക്ക് അകമ്പടിയായി പിന്നാലെ ബൈക്കിലെത്തിയ മോഹിൻ ഷിറാസ് പോലീസിനെ കണ്ട് വാഹനം തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് സംഘം പിന്തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പിടിച്ചെടുത്ത ടിപ്പർ ലോറിയുടെ ഉടമസ്ഥൻ താനാണെന്ന് മോഹിൻ ഷിറാസ് സമ്മതിച്ചു.
കടത്താൻ ശ്രമിച്ച മണൽ നിറച്ച ടിപ്പർ ലോറിയും പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മേഖലയിൽ അനധികൃത മണൽക്കടത്ത് വീണ്ടും സജീവമായ പശ്ചാത്തലത്തിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.












Leave a Reply