മടിക്കൈ: കർഷകർക്ക് ആശ്വാസവും ആശങ്കയും സമ്മാനിച്ച് ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു. കാലാവസ്ഥാ വകുപ്പിൻ്റെ പുതിയ പ്രവചനപ്രകാരം കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ജില്ലയിൽ മഴ ശക്തമായത്.പവർകട്ടും കൊടുംചൂടും മൂലം ദുരിതത്തിലായിരുന്നവർക്ക് മഴ ആശ്വാസമായെങ്കിലും നെൽക്കർഷകരാണ് കടുത്ത ആശങ്കയിൽ. അടുത്ത ആഴ്ചയോടെ കൊയ്യാൻ പാകമാകുന്ന പാടങ്ങളിൽ മഴയെ തുടർന്ന് വെള്ളം കയറിയാൽ വലിയ കൃഷിക്ക് ഇടയാക്കുമെന്നാണ് കർഷകരുടെ ആശങ്ക.
പച്ചക്കറി കർഷകർക്ക് മഴ ആശ്വാസമാണ്. നവരാത്രിയോട് അനുബന്ധിച്ച് വിളവെടുക്കേണ്ട പച്ചക്കറികൾ കടുത്ത ചൂട് കാരണം നേരത്തെ തന്നെ വിളവെടുത്തിരുന്നു. തുടർച്ചയായി 20 ദിവസത്തോളം മഴ ലഭിക്കാതിരുന്നതാണ് കൃഷിയെ പ്രതികൂലമായി ബാധിച്ചത്.
കാസർകോടിൻ്റെ വാഴത്തോട്ടമെന്നറിയപ്പെടുന്ന മടിക്കൈയിൽ കഴിഞ്ഞ വർഷം കാലവർഷക്കെടുതി കാര്യമായി ബാധിക്കാതിരുന്നതിനാൽ മികച്ച വിളവിനൊപ്പം വാഴക്കുലയ്ക്ക് നല്ല വിലയും ലഭിച്ചിരുന്നു. എന്നാൽ വില ലഭിച്ചിട്ടും വിപണിയിൽ ആവശ്യത്തിന് വാഴക്കുല ലഭിക്കാത്തത് വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത്തവണ മടിക്കൈയിൽ കൂടുതൽ കർഷകർ വാഴകൃഷിയിലേക്ക് തിരിയുന്നുണ്ട്.
അതേസമയം, രാസവളങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും കർഷകർ ആവശ്യപ്പെടുന്നു.












Leave a Reply