ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾ അടുത്ത ഞായറാഴ്ച (സെപ്റ്റംബർ 27) തുറന്നു പ്രവർത്തിക്കും. തിങ്കളാഴ്ച (സെപ്റ്റംബർ 28) മുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പ്രത്യേക അനുമതി നൽകി.
ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് തിങ്കളാഴ്ച മുതലുള്ള സമരം അനിവാര്യമായത്. സമരം ഒത്തുതീർപ്പാക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാടിലാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (UFBU) പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. നിലവിൽ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ (സെപ്റ്റംബർ 28–30) പണിമുടക്കിന് പുറമേ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തുടർച്ചയായ അവധികൾ ഒഴിവാക്കാൻ ഞായറാഴ്ച പ്രവൃത്തിദിനം
പണിമുടക്ക് ദിനങ്ങൾക്ക് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങൾ നാലാം ശനിയും ഞായറുമാണ്. പണിമുടക്കുകൂടി ചേരുമ്പോൾ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങൾ പൂർണമായി തടസ്സപ്പെടും. ഈ പ്രതിസന്ധി പരമാവധി ഒഴിവാക്കാനാണ് ഞായറാഴ്ച ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചത്.
സെപ്റ്റംബർ 30 ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് നടക്കുന്ന നിർണായക ദിനമാണ്. ട്രഷറി പ്രവർത്തനങ്ങൾ, വിപണി ഇടപാടുകൾ, ക്ലോസിങ് നടപടികൾ എന്നിവയെയെല്ലാം സമരം ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.
കേന്ദ്ര ധനമന്ത്രാലയം വാർ റൂം തുറക്കും
സമരസാഹചര്യം വിലയിരുത്തുന്നതിനും നേരിടുന്നതിനുമായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക വാർ റൂം തുറക്കും. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പ്രധാന ശാഖകൾ പണിമുടക്ക് ദിവസങ്ങളിലും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സമരദിനങ്ങൾ നിരീക്ഷിക്കാൻ മോണിറ്ററിങ് സമിതികൾ രൂപീകരിക്കാനും കറൻസി ചെസ്റ്റുകൾ, ക്ലിയറിങ് സെന്ററുകൾ, ഡാറ്റാ സെന്ററുകൾ എന്നിവ പൂർണതോതിൽ പ്രവർത്തിപ്പിക്കാനും കേന്ദ്ര സർക്കാർ നിർദേശിച്ചു.
ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും
പണിമുടക്ക് ദിനങ്ങളിൽ നേരിട്ടുള്ള ശാഖാ സേവനങ്ങൾ മുടങ്ങുമെങ്കിലും എ.ടി.എം, നെറ്റ് ബാങ്കിങ്, യു.പി.ഐ തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ നേരിടുന്ന അസൗകര്യം ഒഴിവാക്കാൻ എ.ടി.എമ്മുകളിൽ ആവശ്യത്തിന് പണം നിറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ശാഖകൾ വഴിയുള്ള പ്രധാന ഇടപാടുകൾ ഉപഭോക്താക്കൾ മുൻകൂട്ടി പൂർത്തിയാക്കണമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.












Leave a Reply