കണ്ണൂര്‍: വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തലശ്ശേരി അതിരൂപത. കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും വിഷയത്തില്‍ ഉടന്‍ ഇടപെടലുണ്ടാകണമെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒന്നരമാസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുണ്ടായില്ലെന്നും പ്രകൃതിദുരന്തങ്ങള്‍ക്ക് ശേഷമുള്ള പ്രാഥമിക നടപടികളോ നഷ്ടപരിഹാരത്തിനായുള്ള കണക്കെടുപ്പോ പൂര്‍ത്തിയാക്കാന്‍ വൈകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഡുകളെല്ലാം തകര്‍ന്നു കിടക്കുന്ന അവസ്ഥയിലാണ്. ജനങ്ങള്‍ ഉന്നയിച്ച ഗൗരവതരമായ വിഷയങ്ങളില്‍ ഉടനടി പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട് മലയോര മേഖലയില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നതെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുക മാത്രമാണ് ചെയ്യുന്നത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ മുന്നോട്ടുപോകാനാകില്ല. സമരം ചെയ്യാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇഎസ്എ വിഷയത്തില്‍ ശക്തമായ സമരത്തിലേക്ക് ഇറങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകും. വിഷയത്തില്‍ പഠനം നടന്നു കഴിഞ്ഞതാണ്. എന്നാല്‍ പഠന റിപ്പോര്‍ട്ട് കൃത്യമായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിക്കുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കൃത്യമായ പഠന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് സത്യം ബോധ്യപ്പെടുത്താന്‍ തയ്യാറാകണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.
പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് മലയോര മേഖലയില്‍ നിലനിൽക്കുന്നത് വലിയ ആശങ്ക: മാര്‍ ജോസഫ് പാംപ്ലാനി












Leave a Reply