തിരുവനന്തപുരം: വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളിൽ കൃഷിശീലവും കാർഷിക അവബോധവും വളർത്തുന്നതിനായി കൃഷിവകുപ്പ് ആരംഭിച്ച ‘കതിർ’ കാർഷിക ക്ലബ് പദ്ധതി വിപുലീകരിക്കുന്നു. കാർഷിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനും തീരുമാനിച്ചതായി കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
എൽ.പി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാലയങ്ങളിലാണ് ‘കതിർ’ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുന്നത്. ഈ വർഷം ആദ്യഘട്ടത്തിൽ 500-ലധികം സ്കൂളുകളിൽ ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു. വരുന്ന അധ്യയന വർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
20 മുതൽ 25 വരെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ഓരോ സ്കൂളിലും കാർഷിക ക്ലബ് രൂപീകരിക്കുന്നത്. കൃഷിവകുപ്പിന്റെ ഔദ്യോഗിക ‘എയിംസ്’ പോർട്ടലിൽ ഡിജിറ്റലായി രജിസ്റ്റർ ചെയ്താണ് ക്ലബ്ബുകളുടെ പ്രവർത്തനം നടത്തുന്നത്.
സ്കൂളുകളിൽ പച്ചക്കറിത്തോട്ടങ്ങൾ ഒരുക്കുന്നതിനായി ഓരോ വിദ്യാലയത്തിനും പരമാവധി 10,000 രൂപ വീതം സർക്കാർ സഹായം നൽകും. വിഷരഹിത പച്ചക്കറികൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പ് അധിഷ്ഠിത മിനി മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളും ‘കതിർ മാർക്കറ്റും’ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.












Leave a Reply