പ്രിയദര്‍ശിനി പദ്ധതി നൂറാം ദിനാഘോഷം: ‘സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതം’; KSRTC ചെയര്‍മാന്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ഡോ. പി എസ് പ്രമോദ് ശങ്കര്‍. ആഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് ഗതാഗത മന്ത്രി സി പി ജോണ്‍ തമ്പാനൂര്‍ ഡിപ്പോയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്യുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

ആഘോഷങ്ങളുടെ ഭാഗമായി വൈകുന്നേരം 7.30ന് തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സര്‍വീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്‌വെയര്‍, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ലക്ഷദ്വീപ് ആദ്യ യാത്രയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാര്‍ക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാര്‍ക്കും യൂണിറ്റുകള്‍ക്കും മന്ത്രി ആദരവ് നല്‍കുമെന്ന് സിഎംഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *