കാസർകോട്: കാസർകോട് കെ9 ഡോഗ് സ്ക്വാഡിൽ വർഷങ്ങളോളം പോലീസിനൊപ്പം സേവനമനുഷ്ഠിച്ച ബഡ്ഡിയും കാമിയും ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ലാബ്രഡോർ റിട്രീവർ വിഭാഗത്തിൽപ്പെട്ട ഇരുവരും വിവിധ പോലീസ് ഡ്യൂട്ടികളിലും മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
പതിനൊന്നര വയസ്സുള്ള ബഡ്ഡി പത്തുവർഷത്തോളം പോലീസ് സേനയുടെ ഭാഗമായി പ്രവർത്തിച്ചു. തൃശ്ശൂരിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സെന്ററിൽ ഒൻപത് മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം 2010 ഏപ്രിൽ 10നാണ് കാസർകോട് കെ9 സ്ക്വാഡിൽ ചേർന്നത്. ജില്ലയ്ക്കകത്തും പുറത്തുമായി നടന്ന നിരവധി വിഐപി, വിവിഐപി ഡ്യൂട്ടികളിലും പരിശോധനകളിലും ബഡ്ഡിയുടെ സേവനം പ്രയോജനപ്പെട്ടു.
പോലീസ് ഡ്യൂട്ടി മീറ്റുകളിലും ബഡ്ഡി മികവ് തെളിയിച്ചു. 2017ൽ ജില്ലയ്ക്കായി സ്വർണമെഡലും 2018ൽ വെള്ളിമെഡലും നേടി. 2019ൽ ലക്നൗവിൽ നടന്ന ഓൾ ഇന്ത്യ മീറ്റിൽ സംസ്ഥാന പോലീസിനായി സ്വർണമെഡലും സ്വന്തമാക്കി. കെ.കെ. അജേഷ്, മനു പി. ചെറിയാൻ, ആർ. ഷിജിത് എന്നിവരാണ് ബഡ്ഡിയുടെ പരിശീലകർ.
കാമിയും ലാബ്രഡോർ റിട്രീവർ വിഭാഗത്തിൽപ്പെട്ടതാണ്. മധ്യപ്രദേശിലെ ദേശീയ പരിശീലന കേന്ദ്രത്തിൽ ആറുമാസത്തെ പരിശീലനം നേടിയ കാമി 2017 ജൂൺ 22നാണ് കാസർകോട് കെ9 സ്ക്വാഡിന്റെ ഭാഗമായത്. ഒൻപത് വർഷത്തെ സേവനത്തിനിടെ മികച്ച സേവനത്തിനുള്ള ബഹുമതിയും കാമിക്ക് ലഭിച്ചിട്ടുണ്ട്. ടിനോ തോമസും പി. അനീഷുമാണ് കാമിയുടെ പരിശീലകർ.
നിരവധി ദൗത്യങ്ങളിൽ പോലീസിന് കരുത്തായി നിന്ന ഇരുവരുടെയും വിരമിക്കൽ കെ9 സ്ക്വാഡിനും പോലീസിനും ഒരു പ്രധാന അധ്യായത്തിന്റെ സമാപനമാകും.












Leave a Reply