കാസർകോട്: നാലു ദിവസങ്ങളിലായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു വന്ന ചരിത്രപ്രസിദ്ധമായ കാസർകോട് മല്ലികാർജ്ജുന ക്ഷേത്രത്തിലെ ഗണേശോത്സവം പുലർച്ചെ ഗണേശ വിഗ്രഹ നിമജ്ജനത്തോടെ സമാപിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന വർണ്ണാഭമായ ശോഭായാത്രയോടെയാണ് വിഗ്രഹം നിമജ്ജനം ചെയ്തത്.
സമാപന ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനത്തിൽ സാർവജനിക ഗണേശോത്സവ സമിതി പ്രസിഡൻ്റ് സതീഷ് കാമത്ത് അധ്യക്ഷത വഹിച്ചു. കെ. രംഗനാഥ ഷേണായി മുഖ്യപ്രഭാഷണം നടത്തി. ഉത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് ഉഷാ ആർ. ഷേണായി സമ്മാനദാനം നിർവ്വഹിച്ചു.
തുടർന്ന് നടന്ന ധ്വജാവരോഹണ ചടങ്ങുകൾക്ക് ശേഷമാണ് സമാപന ഘോഷയാത്ര ആരംഭിച്ചത്. അഭൂതപൂർവ്വമായ ജനപങ്കാളിത്തമാണ് ഘോഷയാത്രയിൽ ദൃശ്യമായത്. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പതിവ് ഘോഷയാത്രകളെ അപേക്ഷിച്ച് ഇത്തവണ നിശ്ചലദൃശ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. പുലർച്ചെയോടെ വിഗ്രഹ നിമജ്ജനം പൂർത്തിയായതോടെയാണ് ദിവസങ്ങൾ നീണ്ടുനിന്ന ഉത്സവ ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്.












Leave a Reply