രാജപുരം: റാണിപുരത്തെ സർവീസ് വില്ല ഉടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി പരാതി. റാണിപുരത്തെ ഒലിവ് സർവീസ് വില്ല ഉടമ ഐവിൻ ജോസഫ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി പി.വി. അഷറഫിനെതിരെയാണ് പരാതി.
ഒലിവ് സർവീസ് വില്ല അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും ഇതുസംബന്ധിച്ച വിവരാവകാശ രേഖകൾ തന്റെ കൈവശമുണ്ടെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയിലെ ആരോപണം. ഫോണിലൂടെയുള്ള ഭീഷണിക്ക് പുറമെ സമൂഹമാധ്യമങ്ങളിലും സ്ഥാപനത്തിനെതിരെ മോശം പരാമർശങ്ങൾ നടത്തിയതായും പരാതിയിൽ പറയുന്നു.
എറണാകുളത്തുനിന്നുള്ള മാധ്യമപ്രവർത്തകരെ കൊണ്ടുവന്ന് സ്ഥാപനത്തിന്റെ വീഡിയോ ചിത്രീകരിച്ച് വാർത്ത നൽകുമെന്നും സ്ഥാപനം പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ഐവിൻ ജോസഫ് ആരോപിക്കുന്നു. ആവശ്യപ്പെടുന്ന പണം നൽകിയാൽ വാർത്ത നൽകാതിരിക്കാമെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
സംസ്ഥാന ടൂറിസം വകുപ്പിന്റെയും പഞ്ചായത്തിന്റെയും അംഗീകാരത്തോടെയാണ് തന്റെ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ഐവിൻ ജോസഫ് വ്യക്തമാക്കി.
കല്ലൂരാവി സ്വദേശി അഷറഫിന് പുറമെ എ.പി. ബഷീർ, റത്തുഷ എന്നിവരും സ്ഥാപനത്തിനെതിരെ നടപടിയുണ്ടാകുമെന്നും പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക പിഴ സർക്കാരിലേക്ക് അടയ്ക്കേണ്ടിവരുമെന്നും പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു. പിഴ ഒഴിവാക്കാൻ ആവശ്യമായ രീതിയിൽ കാര്യങ്ങൾ ചെയ്യണമെന്നും അല്ലാത്തപക്ഷം എട്ടോളം മാധ്യമപ്രവർത്തകരെ കൂട്ടി സർവീസ് വില്ലയിലെത്തി വീഡിയോ ചിത്രീകരിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
സംഭവത്തെ തുടർന്ന് റാണിപുരം ഇക്കോടൂറിസം അസോസിയേഷന്റെ നേതൃത്വത്തിൽ രാജപുരം സർക്കിൾ ഇൻസ്പെക്ടർക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബിജി കെ. തോമസ്, വൈസ് പ്രസിഡന്റ് എസ്. മധുസൂദനൻ, സെക്രട്ടറി കെ.വി. ഗണേശൻ, ജോയിന്റ് സെക്രട്ടറി ഷാജി ചാരാത്ത്, ട്രഷറർ ഐവിൻ ജോസഫ്, അനിൽ വെട്ടിക്കാട്ടിൽ, മാത്യു ജോസഫ്, ജോയി ജോസഫ് എന്നിവർ അറിയിച്ചു.












Leave a Reply