ചായ്യോത്ത്: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമായി മലയാളഭാഷയും സംസ്കാരവും സ്വന്തമാക്കി, സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി ബിഹാർ സ്വദേശി രമൺ കുമാർ. ചായ്യോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിയായ റമൺ കുമാർ എസ്.എഫ്.ഐ. സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.
ബിഹാർ സുവാഹി ഗ്രാമം സ്വദേശികളായ ചന്ദ്രശേഖർ പ്രസാദിൻ്റെയും ഗിരിജ ദേവിയുടെയും മകനാണ് രമൺ. 2023 ഒമ്പതാം ക്ലാസ് മുതലാണ് ചായ്യോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനം ആരംഭിച്ചത്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ രമൺ കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.
പഠനത്തോടൊപ്പം എൻ.എസ്.എസ്. വളണ്ടിയറയും വിവിധ പൊതുപ്രവർത്തനങ്ങളിലും സജീവമാണ്. സ്കൂളിലെ സഹപാഠികളുടെയും അധ്യാപകരുടെയും പ്രിയങ്കരനായ രമൺ, കേരളത്തിലെ പൊതുവിദ്യാഭ്യാസ കൂട്ടായ്മകളുമായി ഇഴുകിച്ചേർന്നാണ് തിരഞ്ഞെടുപ്പിൽ വിജയം നേടിയത്.
കേരളത്തിലെ വിദ്യാഭ്യാസ-സാംസ്കാരിക അന്തരീക്ഷത്തിൽ സജീവമായി ഇടപെട്ട് സ്കൂൾ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രമൺ കുമാറിന് സ്കൂൾ അധികൃതരും നാട്ടുകാരും അഭിനന്ദനം അറിയിച്ചു.











Leave a Reply