മദ്യലഹരിയിൽ ഹെൽമെറ്റില്ലാതെ അമിതവേഗത്തിൽ ബൈക്കോടിച്ചു; കാലിച്ചാനടുക്കം സ്വദേശിയടക്കം രണ്ട് പഞ്ചായത്ത് ജീവനക്കാർക്കെതിരെ കേസ്

മഞ്ചേശ്വരം: മദ്യലഹരിയിൽ ഹെൽമെറ്റ് ധരിക്കാതെ ദേശീയപാതയിലൂടെ അമിതവേഗത്തിൽ ബൈക്കോടിച്ച മഞ്ചേശ്വരം പഞ്ചായത്ത് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പഞ്ചായത്ത് സീനിയർ ക്ലർക്കും തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയുമായ കെ.എ. അനീഷ്‌കുമാർ (39), ഓവർസീയറും കാലിച്ചാനടുക്കം ശാസ്‌താംപാറ സ്വദേശിയുമായ എ. രവീന്ദ്രൻ (49) എന്നിവർക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.

മംഗളൂരു ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് ഹെൽമെറ്റ് ധരിക്കാതെ മദ്യലഹരിയിൽ ബൈക്കോടിച്ചെന്നാണ് കേസ്. രണ്ടാം പ്രതിയെ പിറകിലിരുത്തി മനുഷ്യജീവന് അപകടം വരുത്തുംവിധം അശ്രദ്ധമായി വാഹനം ഓടിച്ചെന്നും പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയെന്നും പരാതിയുണ്ട്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. മഞ്ചേശ്വരം ഗ്രേഡ് എസ്.ഐ. വി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ തലപ്പാടിയിൽ ഹൈവേ പട്രോളിങ് നടത്തുന്നതിനിടെയാണ് ബൈക്ക് ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയതായി പൊലീസ് പറഞ്ഞു. തുടർന്ന് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് ബൈക്ക് തടഞ്ഞുനിർത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

മദ്യപിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

Leave a Reply

Your email address will not be published. Required fields are marked *