ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ശുപാർശ, പകരം ചിക്കനും മുട്ടയും; നീക്കം ചെലവ് കുറയ്ക്കാന്‍

തിരുവനന്തപുരം: ജയില്‍ ഭക്ഷണ മെനുവില്‍ നിന്ന് മട്ടന്‍ ഒഴിവാക്കാന്‍ ജയില്‍ വകുപ്പിന്റെ ശുപാര്‍ശ. മട്ടന്‍ ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതായുള്ള പഠനം ചൂണ്ടിക്കാട്ടിയാണ് പുതിയ ശുപാര്‍ശ. മട്ടന് പകരം ചിക്കന്‍, മുട്ട എന്നിവ നല്‍കാം. മട്ടന്‍ വാങ്ങാന്‍ വര്‍ഷം അഞ്ച് കോടിയിലേറെ രൂപ ചെലവാകുന്നതായും ജയില്‍ വകുപ്പ് അറിയിച്ചു. ജയില്‍ മേധാവി എസ് ശ്രീജിത്തിന്റെ ശുപാര്‍ശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്.

മട്ടണ്‍ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം അടക്കമുള്ളമുള്ളവയ്ക്കും ജീവിതശൈലീരോഗങ്ങള്‍ക്കും കാരണമാകുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്. മട്ടനും മീനും വാങ്ങാനും സംഭരിക്കാനും ബുദ്ധിമുട്ടുമുണ്ട്. ചെലവുകുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് മെനു പരിഷ്‌കരണം.

ഒരുവര്‍ഷം മട്ടന്‍ വാങ്ങാന്‍ 5.72 കോടി രൂപയും മീനിന് 4.8 കോടിയുമാണ് ചെലവഴിക്കുന്നത്. കോഴി വാങ്ങാന്‍ 1.26 കോടിയും സോയാ ചങ്ക്സിനും മുട്ടയ്ക്കും കൂടി 3.4 കോടിയും മാത്രമേ ചെലവുവരൂ. നിലവില്‍ തിങ്കളാഴ്ചയും ബുധനാഴ്ചയും ഉച്ചഭക്ഷണത്തിന് മീനും ശനിയാഴ്ച മട്ടനുമാണ് നല്‍കുന്നത്. മാംസാഹാരം നല്‍കുന്ന ദിവസങ്ങളില്‍ ഇത് കഴിക്കാത്തവര്‍ക്ക് പച്ചക്കറികള്‍ കൊണ്ടുള്ള കറികളും നല്‍കും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ഭക്ഷണവുമാണ് നല്‍കി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *